അറബ് പൈതൃക മേളയ്ക്ക് അരങ്ങൊരുങ്ങി; അബൂദബി വിളിക്കുന്നു, 'അഡിഹെക്‌സി'ലേക്ക്

അറബ് ജനതയുടെ പൈതൃക സംസ്‌ക്കാരത്തിന്‍റെ നേര്‍ക്കാഴ്ചകളും നൂതന സാങ്കേതിക വിദ്യകളുടെ വിശാല ലോകവും ഒരുക്കി അബൂദബി വിളിക്കുന്നു, 'അഡിഹെക്‌സി'ലേക്ക്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃക സംരക്ഷണ പ്രദര്‍ശനമായ അബൂദബി ഇന്‍റര്‍നാഷനല്‍ ഹണ്ടിങ് ആന്‍റ് ഇക്വേസ്ട്രിയന്‍ എക്‌സിബിഷന്‍ (അഡിഹെക്‌സ് 2022) തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് അരങ്ങേറുക. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന 'അഡിഹെക്‌സ് 2022'ല്‍ 58 രാജ്യങ്ങളില്‍ നിന്നായി 900ത്തിലേറെ പ്രദര്‍ശകര്‍ പങ്കെടുക്കും. 60000 ചതുരശ്രമീറ്ററിലേറെയാണ് പ്രദര്‍ശന വേദിയുടെ വിസ്തൃതി.

അഡിഹെക്‌സ് 20ാം വര്‍ഷത്തിലെത്തുമ്പോള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 22 ഇരട്ടിയിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രദര്‍ശന വേദിയുടെ വിസ്തൃതിയും പത്തിരട്ടിയോളമായി. ആദ്യ പ്രദര്‍ശനത്തില്‍ 14 രാജ്യങ്ങളില്‍ നിന്ന് 40 പ്രദര്‍ശകരാണ് പങ്കെടുത്തത്. 6000 ചതുരശ്ര മീറ്ററിലായിരുന്നു പ്രദര്‍ശനവേദി അന്ന് തയ്യാറാക്കിയത്. സാംസ്‌കാരിക, വിദ്യാഭ്യാസ, വിജ്ഞാന മേഖലകളില്‍ നിന്നായി നിരവധി പ്രഭാഷകര്‍ സെമിനാറുകളും ശില്‍പ്പശാലകളും നയിക്കും. 130ലെറേ ചിത്രകാരന്‍മാര്‍, ശില്‍പികള്‍, കലാകാര്‍ തുടങ്ങിയവര്‍ പ്രദര്‍ശനവേദിയിലെത്തും. 11 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖ കമ്പനികളും ബ്രാന്‍ഡുകളും പങ്കാളികളാവും. പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കലും പ്രദര്‍ശനവേദിയിലുണ്ടാവും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഫാല്‍കണ്‍ വളര്‍ത്തലുകാരും വേട്ട പ്രേമികളും പരമ്പരാഗത കായിക സ്‌നേഹികളും നിരവധി രാജ്യങ്ങളിലെ ഔദ്യാഗിക പ്രതിനിധികളുമൊക്കെ പ്രദര്‍ശനത്തില്‍ സംബന്ധിക്കും.

ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 150ഓളം തല്‍സമയ പരിപാടികള്‍ അരങ്ങേറും. ഒട്ടകങ്ങള്‍, ഫാല്‍ക്കണുകള്‍, കുതിരകള്‍ എന്നിവയുടെ ലേലം, അറബ് പൈതൃക പരിപാടികള്‍ തുടങ്ങിയവയും അഡിഹെക്‌സ് 2022ന്‍റെ ഭാഗമാണ്. 27 ഇന മല്‍സരങ്ങളില്‍ 45 സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്ന് 200ലേറെ മല്‍സരാര്‍ഥികളാവും ഇത്തവണയുണ്ടാവുക. യുനസ്‌കോയുമായും ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ഫാല്‍കൺറി ആന്‍റ് കണ്‍സര്‍വേഷന്‍ ഓഫ് ബേര്‍ഡ്‌സ് ഓഫ് പ്രേ, ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്ര സമ്മേളനവും അഡിഹെക്‌സില്‍ അരങ്ങേറും. 24 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 24 യുവ ഫാല്‍കണ്‍ വളര്‍ത്തലുകാര്‍ സംബന്ധിക്കും.

എക്‌സിബിഷന്‍ നടക്കുന്ന ഏഴ് ദിവസങ്ങളില്‍ ഏറ്റവും മനോഹരമായ ഫോട്ടോ എടുക്കുന്ന സന്ദര്‍ശകര്‍ക്ക് സമ്മാനവും നല്‍കും. എക്‌സിബിഷന്‍ വേദിയില്‍ അരങ്ങേറുന്ന അറേബ്യന്‍ സലൂക്കി സൗന്ദര്യ മല്‍സരം, ഫാല്‍കണ്‍ ലേലം, കുതിര ലേലം, ഒട്ടക ലേലം, പരമ്പരാഗത കലകളും കരകൗശല വസ്തുക്കളും തുടങ്ങി നിരവധി പരിപാടികളുടെ വേദികളില്‍ നിന്ന് ചിത്രം പകര്‍ത്താം. മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് കുറഞ്ഞത് അഞ്ചും പരമാവധി പത്തും ചിത്രങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പ്രദര്‍ശനം അവസാനിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജേതാക്കളെ പ്രഖ്യാപിക്കുക. പ്രദര്‍ശന ദിനങ്ങളില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന വീഡിയോക്കും സമ്മാനം നല്‍കും. പ്രദര്‍ശനുവമായി ബന്ധപ്പെട്ട വീഡിയോകള്‍ മാത്രമേ മല്‍സരത്തിനായി പരിഗണിക്കൂ. എത്ര വീഡിയോ വേണമെങ്കിലും ഇങ്ങനെ പങ്കുവയ്ക്കാവുന്നതാണ്. എന്നാല്‍, ഒരാള്‍ക്ക് ഒരു സമ്മാനമേ നല്‍കൂ.

ഫാല്‍കണുകള്‍, വേട്ട, കുതിരയോട്ടം, മറ്റ് പരമ്പരാഗത കായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് സജ്ജീകരിക്കുന്നത്. ഫാല്‍ക്കണുകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, സലൂകി എന്നിവയുടെ ലേലവും സൗന്ദര്യ മല്‍സരവുമുണ്ടാവും. വേട്ടയാടല്‍, ക്യാംപിങ്, ക്യാംപിങ് ഉപകരണങ്ങള്‍, വേട്ടയാടുന്നതിനുള്ള തോക്കുകള്‍, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക പൈതൃകം, മല്‍സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ സ്‌പോര്‍ട്‌സ് തുടങ്ങി 11 മേഖലകളിലും അഡിഹെക്‌സ് പ്രദര്‍ശനം ശ്രദ്ധയൂന്നിയിട്ടുണ്ട്.

Tags:    
News Summary - Abu Dhabi International Hunting and Equestrian Exhibition 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.