അബൂദബി: ശൈഖ് സായിദ് തുറമുഖത്ത് (മിന പോര്‍ട്ട്) പുതിയ മൊത്ത കാര്‍ഷിക വിപണി തുറന്നു. പ്രാദേശിക കാര്‍ഷിക ഉൽപാദനത്തെ സഹായിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന രാഷ്ട്രനേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കാര്‍ഷിക വിപണിയെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു. എല്ലാ ദിവസും ഉച്ചക്ക് ഒന്നുമുതല്‍ രാത്രി വരെയാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ഫെബ്രുവരി മുതല്‍ മേയ് വരെയാവും മാര്‍ക്കറ്റ് പ്രവര്‍ത്തനം. ദിവസവും 20 ടണ്‍ കാര്‍ഷിക ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിനുള്ള ശേഷി മാര്‍ക്കറ്റിലുണ്ട്. 13 ഔട്ട്ലറ്റുകളാണ് മാര്‍ക്കറ്റിലുള്ളത്. എ.ഡി.ക്യു ഹോള്‍ഡിങ് കമ്പനിയുടെ കീഴിലുള്ള സിലാലിനാണ് മാര്‍ക്കറ്റിന്റെ ചുമതല. സിലാലാണ് മാര്‍ക്കറ്റില്‍ കര്‍ഷകരുടെ രജിസ്ട്രേഷന്റെയും അവരുടെ ഉല്പന്നങ്ങളുടെ മൊത്ത, ചില്ലറ വിറ്റഴിക്കലിന്റെയും മേല്‍നോട്ടം വഹിക്കുക.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ ഓഫിസ് മന്ത്രിയും അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ താല്പര്യപ്രകാരമാണ് പുതിയ വിപണിക്ക് തുടക്കം കുറിച്ചതെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ ബഹ്രി സലിം അല്‍ അമീരി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് അബൂദബിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മിന സായിദ് ഡിസ്ട്രിക്ടില്‍ പുതിയ മത്സ്യ മാര്‍ക്കറ്റും വിവിധ കച്ചവട സ്ഥാപനങ്ങളും തുറന്നത്. ഒരു സൂപ്പർ മാര്‍ക്കറ്റിന് പുറമെ, 104 ഫ്രഷ് ഫിഷ് സ്റ്റാളുകള്‍, എട്ട് റസ്റ്റാറന്റുകള്‍, മത്സ്യം വൃത്തിയാക്കുന്നതിനായി 44 ക്ലീനിങ് കൗണ്ടറുകളും അടക്കം വിപുലമായ സംവിധാനങ്ങളോടെയാണ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഉണക്കമീന്‍ ലഭ്യമാക്കാന്‍ എട്ട് സ്റ്റാളുകള്‍, നാല് പഴം-പച്ചക്കറി സ്റ്റാളുകള്‍, മൂന്ന് ഇതര വാണിജ്യ കിയോസ്കുകള്‍ എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.