അബൂദബി: മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം അബൂദബി പെറ്റ് ഫെസ്റ്റിവൽ തിരികെയെത്തുന്നു. ഏപ്രിൽ 29, 30 തിയ്യതികളിൽ ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ അബൂദബൂദി ക്രിക്കറ്റ് ആൻഡ് സ്പോർട്സ് ഹബിലാണ് പെറ്റ് ഫെസ്റ്റിവൽ നടക്കുക. വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കും സംഗമവേദിയായി മാറും ഫെസ്റ്റിവൽ. ഡോഗ് ഷോ, പെറ്റ് ഫാഷൻ ഷോ, വളർത്തുമൃഗ പരീശീലനം പൊലീസ് കെ9 ഡോഗ് സ്ക്വാഡ് ഡമോ തുടങ്ങിയവ ഫെസ്റ്റിവൽ വേദിയിൽ അരങ്ങേറും.
കോവിഡ് വ്യാപനം മൂലം നിർത്തിവച്ചിരുന്ന പെറ്റ് ഫെസ്റ്റിവൽ പുനരാരംഭിക്കണമെന്ന നിരന്തര അഭ്യർഥനകളെ തുടർന്നാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകയായ ഡോ. ശ്രീ നായർ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുക.
യൂറോപ്പിൽ നിന്നുള്ള പ്രശസ്ത ജഡ്ജുമാരാണ് വിധി നിർണയം നടത്തുക. വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവർക്കും സന്ദർശകർക്കും മികച്ച അനുഭവമായിരിക്കും ഫെസ്റ്റിവൽ സമ്മാനിക്കും. 25 ദിർഹമാണ് പ്രവേശന ഫീസ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രണ്ടുദിവസമാണ് ടിക്കറ്റിന്റെ കാലാവധി.
അബൂദബി ക്രിക്കറ്റ് ആൻഡ് സ്പോർട്സ് ഹബ്, പെറ്റ്മീ മാഗസിൻ, ധാബിയൻ ഇക്വേസ്ട്രിയൻ ക്ലബ് എന്നിവ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 24 മാസത്തിനുള്ളിൽ വളർത്തുമൃഗങ്ങൾക്ക് വാക്സിനുകൾ നൽകിയിരിക്കണമെന്നാണ് യു.എ.ഇ നിയമം. ഈ നിബന്ധന പാലിച്ച മികച്ച ആരോഗ്യമുള്ള മൃഗങ്ങളെയാണ് പങ്കെടുപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.