അബൂദബി: ഇ-സ്കൂട്ടറുകളില്‍ പാചകവാതക സിലിണ്ടറുകളും മറ്റു സാധനസാമഗ്രികളും കൊണ്ടുപോകുന്നതും സീറ്റ് ഘടിപ്പിക്കുന്നതും നിയമവിരുദ്ധവും അപകടകരവുമാണെന്ന് അബൂദബി പൊലീസ്. ഇലക്ട്രിക് സ്കൂട്ടറുകള് കളിവണ്ടിയോ വിനോദോപാധിയോ അല്ലെന്നും ആയിരക്കണക്കിന് താമസക്കാരാണ് ഇവ തൊഴിലിടങ്ങളിലേക്ക് പോവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവാനും ഉപയോഗിക്കുന്നതെന്നും അബൂദബി ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഉപമേധാവി ബ്രിഗേഡിയര്‍ സാലിം അല്‍ ധഹേരി പറഞ്ഞു.
ഇലക്ട്രിക് സ്കൂട്ടറുകള് അമിത വേഗതയില്‍ ഓടിച്ചും മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ ഓടിച്ചുമൊക്കെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തണം. തെറ്റായ ഡ്രൈവിങ് പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണം. അത്തരം ഡ്രൈവിങ് രീതികള്‍ വെച്ചുപൊറുപ്പിക്കില്ല. ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവരുകയാണ്.
ഇ-സ്കൂട്ടറുകള് കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അല്‍ ധഹേരി മുന്നറിയിപ്പ് നല്കി. സീറ്റുകളുള്ള ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് അടുത്തിടെയാണ് അബൂദബിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇലക്ട്രിക് സ്കൂട്ടറുകളില്‍ നിന്നുള്ള യാത്രകള്‍ മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മുന്‍വശത്ത് പെട്ടിയുള്ള സ്കൂട്ടര്‍, സീറ്റ് ഉള്ള ഇ-സ്കൂട്ടര്‍, സാദാ സീറ്റുള്ള സ്കൂട്ടര്‍ എന്നിങ്ങനെ മൂന്നു തരം ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.