അബൂദബി: യു.എ.ഇയുടെ 50ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പതിനെട്ടാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനം 'അഡിഹെക്സ് 2021' സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നുവരെ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കും. പശ്ചിമ അബൂദബി (അൽ ദഫ്ര) മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കനേഴ്സ് ക്ലബ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം.
പതിവിൽനിന്ന് വ്യത്യസ്തമായി അഞ്ചുദിവസത്തിന് പകരം ഇക്കുറി ഏഴുദിവസങ്ങളിൽ പ്രദർശനം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 2021 മുതൽ 2025 വരെയുള്ള പഞ്ചവത്സര എക്സിബിഷൻ വികസന തന്ത്രത്തിെൻറ ഭാഗമായുള്ള മാറ്റത്തെ പ്രാദേശിക അന്തർദേശീയ കമ്പനികൾ സ്വാഗതം ചെയ്തു. ലോക രാജ്യങ്ങളിൽ നിന്നുള്ള നൂതനവും പരമ്പരാഗതവുമായ ഫാൽക്കൺറി, വേട്ട, കുതിരസവാരി, പൈതൃക വേട്ട രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ ഏറെ സഹായിക്കുന്നതാണ് പ്രദർശനം.
അന്താരാഷ്ട്ര പ്രദർശനത്തിനെത്തുന്ന കമ്പനികളുടെ റിസർവേഷൻ ശതമാനം ഇതിനകം 70 ശതമാനത്തിലെത്തിയെങ്കിലും മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പരിപാടിയിൽ ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളിൽനിന്നു പുതിയ എക്സിബിറ്റർമാരെ ഇക്കുറി ആകർഷിക്കാനാവുമെന്നും സംഘാടകർ പ്രതീക്ഷിക്കുന്നു. 41 രാജ്യങ്ങളിൽ നിന്നായി 670ലധികം കമ്പനികളാണ് കഴിഞ്ഞ അന്താരാഷ്ട്ര പ്രദർശനത്തിനെത്തിയത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് www.adihex.com എന്ന എക്സിബിഷൻ വെബ്സൈറ്റ് വഴിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ എല്ലാവിവരങ്ങളും ലഭ്യമാണെന്നും സംഘാടകർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.