അബൂദബി: തലസ്ഥാന എമിറേറ്റിൽ ബുധനാഴ്ച മുതൽ 140 പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ പുതുതായി സർവിസ് ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പിനു കീഴിലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐ.ടി.സി) അറിയിച്ചു. അബൂദബി സിറ്റിയിൽ 112 ബസുകളും അൽഐനിൽ 28 ബസുകളുമാണ് പുതുതായി നിരത്തിലിറങ്ങുക.
പൊതുഗതാഗത മേഖലയിലെ ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് ഒട്ടേറെ പൊതുഗതാഗത ബസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നു മുതൽ പൊതുഗതാഗത ബസ് സർവിസുകൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തനം പുനരാരംഭിക്കുമെന്നും ഐ.ടി.സി അറിയിച്ചു.
അണുനശീകരണ ജോലികൾ പൂർത്തിയാക്കിയതിനുശേഷമാണ് ബസ് സർവിസുകൾ പുനരാരംഭിക്കുന്നത്. തെരഞ്ഞെടുത്ത എട്ട് ബസ് സർവിസുകളുടെ സേവനം മെച്ചപ്പെടുത്തും. 7, 22, 23, 54, 56, 63, 94, 102 എന്നീ നമ്പർ ബസുകളുടെ സേവനങ്ങളാണ് കൂടുതൽ വിപുലമാക്കുന്നത്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവിസുകൾ ഉൾപ്പെടെ മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലെ കമ്യൂണിറ്റി ബസ് സർവിസുകളും പുനരാരംഭിക്കും.
മുസഫയിലെ എല്ലാ കമ്യൂണിറ്റി ബസ് സർവിസുകളും എം 01, എം 02, എം 03, എം 04, എം 05, എ1, എ2, എ10, എ20, എ40, ബി43, ബി45 എന്നീ സർവിസുകളും വിപുലീകരിക്കും. പശ്ചിമ അബൂദബിയിലെ അൽ റുവൈസ് പ്രാദേശിക, റീജനൽ ബസ് നെറ്റ് വർക്കും ഇന്നു മുതൽ സജീവമാകും. സുരക്ഷാ നടപടികൾ പൊതുജനം പാലിക്കുന്നത് നിരീക്ഷിക്കുന്നതിന് ഐ.ടി.സി പബ്ലിക് ട്രാൻസ്പോർട്ട് ബസുകളിൽ ഇൻസ്പെക്ടർമാരെ വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.