അബൂദബി: ഭക്ഷ്യശുചിത്വം ലംഘിച്ച രണ്ട് റസ്റ്റാറൻറുകള്‍ അബൂദബിയില്‍ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. ഭക്ഷണം തയാറാക്കുമ്പോള്‍ ശുചിത്വം പാലിക്കുന്നതിലെ അശ്രദ്ധ, വൃത്തിഹീനമായ ഉപകരണങ്ങളുടെ ഉപയോഗം, കീടങ്ങള്‍, പ്രാണികള്‍, എലി എന്നിവയുടെ സാന്നിധ്യം തുടങ്ങിയ കാരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അബൂദബി അല്‍താന റസ്റ്റാറന്റ്, പാക്ക് റസ്റ്റാറന്റ് എന്നിവയാണ് പൂട്ടിയത്. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷണകേന്ദ്രങ്ങളില്‍ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി മുമ്പ് മൂന്നുതവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമായ ശുചിത്വ നടപടികള്‍ ഒരുക്കാന്‍ ഉടമകള്‍ തയാറായില്ല.
തുടര്‍ന്നാണ് അടച്ചുപൂട്ടിയത്. എമിറേറ്റിലെ ഹോട്ടലുകളില്‍ ശുചിത്വം, ഭക്ഷണം തയാറാക്കുന്നതില്‍ മായം ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ കൃതൃമായ ഇടവേളകളില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിവരുന്നുണ്ട്. ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉറപ്പാക്കിമാത്രമേ റസ്റ്റാറന്റുകള്‍ തുറക്കാന്‍ അനുമതി നല്കുകയുള്ളൂവെന്ന് അബൂദബി അഗ്രികള്‍ചര്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അറിയിച്ചു.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷണകേന്ദ്രങ്ങളില്‍ അഡാഫ്സ സ്ഥിരമായി പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന അബൂദബി സര്‍ക്കാറിന്റെ ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.