അബൂദബി: തലസ്ഥാന എമിറേറ്റിൽ 2019 ഡിസംബർ 22ന് മുമ്പ് ചുമത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളുടെയും പിഴ 50 ശതമാനം കുറച്ചതായി അബൂദബി പൊലീസ് ജനറൽ കമാൻഡർ (എ.ഡി.പി) അറിയിച്ചു. ഗതാഗത നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങളുടെ ബ്ലാക്ക് പോയിൻറുകളും പിഴയും മൂന്നു മാസത്തേക്ക് റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ചുമത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35 ശതമാനം വരെ പിഴ കുറക്കാൻ കഴിയുന്ന പുതിയ സംവിധാനം ഡിസംബർ 22 മുതൽ അബൂദബിയിൽ പ്രാബല്യത്തിലാവും. ഒരു വർഷത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് 25 ശതമാനം വരെ ഡിസ്കൗണ്ടാണ് അനുവദിക്കുക. എന്നാൽ, നിയമലംഘനം നടത്തിയ ശേഷം പിഴ അടക്കാൻ ഒരു വർഷം പിന്നിട്ടാൽ ആനുകൂല്യ നിരക്ക് ലഭിക്കില്ലെന്നും അബൂദബി പൊലീസ് വ്യക്തമാക്കി. ട്രാഫിക് കോടതികൾ വിധിക്കുന്ന കേസുകൾ, പ്രധാന ട്രാഫിക് നിയമലംഘനങ്ങൾ, അപകടങ്ങൾ എന്നിവ ഒഴികെയുള്ള ഗതാഗത നിയമലംഘനങ്ങൾക്കു മാത്രമാണ് ഈ വ്യവസ്ഥകൾ ബാധകമാവുകയെന്നും അബൂദബി പൊലീസ് വിശദീകരിച്ചു.
ഈ അവസരം പ്രയോജനപ്പെടുത്താനും നിയമപരമായ തർക്കങ്ങൾ പരിഹരിക്കാനും അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. സാമ്പത്തിക ഭാരം കുറക്കുന്നതിനും റോഡ് ഗതാഗത സംവിധാനങ്ങളും നിയമങ്ങളും പാലിക്കുന്നതിനും പുതിയ സൗകര്യം ഡ്രൈവർമാർക്ക് പ്രോത്സാഹനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.