അബൂദബി: മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ലേസർ അധിഷ്ഠിത പരിശോധന ഏഴ് കേന്ദ്രങ്ങളിൽ കൂടി ഏർപ്പെടുത്തി. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ പരിശോധിക്കാവുന്ന ഡ്രൈവ് ത്രൂ സ്ക്രീനിങ് കേന്ദ്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ് അറിയിച്ചു.
പ്രഥമ ഘട്ടത്തിൽ അബൂദബി സായിദ് സ്പോർട്സ് സിറ്റിയിലെയും കോർണിഷിലെയും സ്ക്രീനിങ് സെൻറർ, അൽഐൻ അൽ ഹിലി, ദുബൈ മിന റാഷിദ്, അൽ ഖവാനീജ്, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുന്നത്. സെഹയുടെ ആപ്പ് വഴി അപ്പോയിൻമെൻറ് ബുക്ക് ചെയ്ത് 50 ദിർഹം അടച്ചാൽ കോവിഡ് പരിശോധന നടത്താം. അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് ഫലം ലഭിക്കുന്ന ഈ പരിശോധനക്ക് രക്തസാമ്പിളാണ് ശേഖരിക്കുക. ഫലം നെഗറ്റിവാണെന്ന എസ്.എം.എസ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ അബൂദബിയിൽ പ്രവേശിക്കാനാവും. അതേസമയം, ഫലം പോസിറ്റിവാണെങ്കിൽ സ്രവ പരിശോധനക്ക് വിധേയരാകണം. ഇതിെൻറ ഫലം ലഭിക്കുന്നത് വരെ ക്വാറൻറീനിൽ കഴിയണം.
തലസ്ഥാന എമിറേറ്റിൽ നിന്ന് പുറത്തേക്ക് പോകുന്നവർ അബൂദബി, അൽ ഐൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പരിശോധിച്ച ശേഷം യാത്ര ചെയ്യുന്നതാവും നല്ലത്. അബൂദബി, അൽ ഐൻ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ സ്ക്രീനിങ് സെൻററുകൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. വടക്കൻ എമിറേറ്റ്സ് മേഖലയിലെ കേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.