ദുബൈ: എമിറേറ്റിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാശിദിയ പാലത്തിനുസമീപം വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ട്രക്കുകളും നാലു ചെറു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. മരിച്ചത് ഒരു വാഹനത്തിന്റെ ഡ്രൈവറാണ്. വാഹനങ്ങൾ പരസ്പരം സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്.
ആദ്യം ട്രക്ക് മുന്നിലുള്ള ബസുമായി കൂട്ടിയിടിക്കുകയും പിന്നീട് മറ്റു വാഹനങ്ങളും അപകടത്തിൽ പെടുകയുമായിരുന്നു. സിമന്റും ഇഷ്ടികയും നിറച്ച ട്രക്ക് അപകടത്തിൽ പെട്ടതോടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അപകട വിവരം ലഭിച്ചയുടൻ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചതായി ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
അപകടങ്ങളുടെ പ്രധാന കാരണമാകുന്നത് വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണെന്നും ഈ വർഷം മാത്രം 538 ഇത്തരം അപകടങ്ങളുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ 10 പേർ മരിക്കുകയും 367 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.