ദുബൈ: ഒമാനിൽ ബഹുരാഷ്ട്ര ഹൈക്കിങ് സംഘം മലവെള്ളപ്പാച്ചിലിൽപെട്ട് രണ്ട് ഇമാറാത്തികൾ ഉൾപ്പെടെ നാലുമരണം. 16 അംഗ സംഘത്തിനൊപ്പം ഹൈക്കിങ്ങിനെത്തിയവരാണ് അപകടത്തിൽപെട്ടത്.
ഖാലിദ് അൽ മൻസൂരി, സലീം അൽ ജർറാഫ് എന്നിവരാണ് മരിച്ച ഇമാറാത്തി പൗരന്മാർ. ഒമാനിലെ നിസ്വ പ്രദേശത്തെ വാദി ഖഷാഅ് എന്ന ഇടുങ്ങിയ താഴ്വരയിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഘം മലവെള്ളപ്പാച്ചിലിൽപെട്ടത്. കനത്ത മഴയിൽ അപ്രതീക്ഷിതമായാണ് മലവെള്ളം കുതിച്ചെത്തിയത്. മരിച്ച ഇമാറാത്തികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ എത്തിച്ച ശേഷം, സ്വദേശമായ അബൂദബിയിലും റാസൽഖൈമയിലും ഖബറടക്കി.
യു.എ.ഇയുടെ മുൻ ഹാൻഡ്ബാൾ താരം കൂടിയാണ് ഖാലിദ് അൽ മൻസൂരി. സാഹസിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നയാളായിരുന്നു സലീം അൽ ജർറാഫ്. മലവെള്ളളപ്പാച്ചിലിൽ അഞ്ചുപേരാണ് ഒഴുകിപ്പോയതെന്നും രക്ഷപ്പെട്ട ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ഒമാൻ റോയൽ പൊലീസ് അറിയിച്ചു. പരിക്കേറ്റയാളെ ഹെലികോപ്ടർ മാർഗമാണ് നിസ്വ ആശുപത്രിയിലേക്ക് മാറ്റിയത്. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരിൽ ഒരാൾ ഒമാനി പൗരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.