ഷാർജ: ദേശാടന പക്ഷികൾ എത്തുന്ന സമയത്ത് വേട്ടക്കിറങ്ങിയവർക്കെതിരെ ശക്തമായ നടപടിയുമായി ഷാർജയിലെ പരിസ്ഥിതി, സംരക്ഷിതമേഖല അതോറിറ്റി. ഇതിന്റെ ഭാഗമായി പക്ഷികളെ ആകർഷിക്കുന്നതിന് ഉപയോഗിക്കുന്ന 755 ശബ്ദ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും നാല് നിയമലംഘനങ്ങൾക്ക് 40,000 ദിർഹം പിഴ ചുമത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പക്ഷികളെ ആകർഷിക്കാൻ വേട്ടക്കാർ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന നിയമവിരുദ്ധ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഉപകരണം ഘടിപ്പിച്ച ശേഷം വലവിരിച്ചാണ് പക്ഷികളെ പിടികൂടുന്നത്. ചിലർ ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ചും വേട്ടയാടുന്നുണ്ട്. ഇതും നിയമവിരുദ്ധ മാർഗമാണ്. അതിനിടെ വേട്ടക്കാർ പിടികൂടിയ 10 ദേശാടന പക്ഷികളെ അധികൃതർ കണ്ടെടുക്കുകയും മോചിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.
ഷാർജയിൽ കാട്ടുമൃഗങ്ങളെയും ദേശാടന പക്ഷികളെയും വേട്ടയാടുന്നത് എക്സിക്യൂട്ടിവ് കൗൺസിൽ ഉത്തരവ് വഴി നിരോധിച്ചിരുന്നു.
ദേശാടനപക്ഷികളെ പിടികൂടുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊലീസുമായി സഹകരിച്ച് അൽ ഖദീറയിൽ നടന്ന പരിശോധനയിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 21ന് സുഹൈല മേഖലയിലെ ഫാമിൽ നടത്തിയ പരിശോധനയിൽ ശബ്ദ ഉപകരണം പിടികൂടുകയും ചെയ്തു.
പ്രകൃതിയെ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്നതിനും ശക്തമായ ഇടപെടലുണ്ടാകുമെന്ന് പരിസ്ഥിതി, സംരക്ഷിതമേഖല അതോറിറ്റി ചെയർപേഴ്സൻ ഹന സൈഫ് അൽ സുവൈദി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.