ദുബൈ: ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ നിശ്ചിത സമയത്ത് പിഴ അടച്ചില്ലെങ്കിൽ തൊഴിൽ പെർമിറ്റ് റദ്ദാകും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തികളെയാണ് നിയമിക്കേണ്ടത്. ഈ വർഷം അവസാനം ഇത് നാല് ശതമാനമായി ഉയർത്തും. ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇമാറാത്തിവത്കരണം നടപ്പാക്കിത്തുടങ്ങിയിട്ടില്ല.
വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ ഒരു ജീവനക്കാരന് മാസം 6000 ദിർഹം എന്നകണക്കിൽ 72,000 ദിർഹമാണ് ഒരുവർഷം പിഴ അടക്കേണ്ടത്. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരായ നടപടികൾ മന്ത്രാലയം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യദിവസം പിഴ അടച്ചില്ലെങ്കിൽ സ്ഥാപനത്തെ ഇ- ഫോളോ അപ് എന്ന പട്ടികയിൽ ഉൾപ്പെടുത്തും. സ്ഥാപനത്തിന്റെ തൊഴിൽ പെർമിറ്റ് പുതുക്കാതിരിക്കുകയും പുതിയ പെർമിറ്റ് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടം. ഇതിന് ശേഷം കാരണം വ്യക്തമാക്കാൻ നിർദേശവും നൽകും.
നിശ്ചിത ദിവസത്തിന് ശേഷം മൂന്ന്, 10, 17 ദിവസങ്ങളിലായി സ്ഥാപനത്തിന് നോട്ടീസ് അയക്കും. പിഴ അടക്കാനും ഇമാറാത്തികളെ നിയമിക്കാനും നോട്ടീസിൽ നിർദേശം നൽകും. രണ്ട് മാസത്തിന് ശേഷവും നടപടിയില്ലെങ്കിൽ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾക്കും പെർമിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും നിർത്തലാക്കും. തുടർച്ചയായ രണ്ടാം വർഷവും നിശ്ചിത എണ്ണം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങളെ മൂന്നാം കാറ്റഗറിയിലേക്ക് തരംതാഴ്ത്തുമെന്നും നിർദേശത്തിൽ പറയുന്നു.
ഇമാറാത്തികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നടപടി തുടങ്ങിയിരുന്നു. ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാർ ആനുകൂല്യം നൽകുന്നുണ്ട് എന്നകാരണത്താൽ ഇമാറാത്തികളുടെ ശമ്പളത്തിൽ കുറവ് വരുത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. 2026 അവസാനത്തോടെ ഇമാറാത്തിവത്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.