ദുബൈ: ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ സംവിധാനം ഏർപ്പെടുത്തി ദുബൈ പൊലീസ്. പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയും കമ്പനിക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യ ഇൻസ്റ്റാൾമെന്റായി അടക്കണം. വൻതുകയാണ് പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.
ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്റ് നടത്തേണ്ടത്. എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ, ദുബൈ ഇസ്ലാമിക് ബാങ്ക്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ഫിനാൻസ് ഹൗസ് എന്നീ സ്ഥാപനങ്ങളുടെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കാം.
നിശ്ചിത തുക അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന് അപേക്ഷിച്ച് 100 ദിർഹം ഫീസ് ആയി നൽകണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്റ് മുടക്കിയാൽ 200 ദിർഹമാണ് ഫീസ്. ഓരോ തവണയും 10 ദിർഹം നോളജ് ഫീ ആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്റ്റാൾമെന്റ് അടക്കേണ്ട ദിവസത്തിന് 10 ദിവസം മുമ്പ് സമയം ദീർഘിപ്പിച്ചുനൽകണമെന്ന അപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്റ് അടച്ചിരിക്കണം.
ദുബൈ പൊലീസിന്റെ വെബ്സൈറ്റിലൂടെയും ദുബൈ പൊലീസ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലെ 'ഫൈൻസ് ഇന്‍സ്റ്റാൾമെന്റ് സർവിസ്'എന്ന ഓപ്ഷനിലൂടെയും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ നമ്പർ, ട്രാഫിക് ഫയൽ നമ്പർ അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് നമ്പർ എന്നിവ അടിച്ചുനൽകണം. എന്നിട്ട് 'ഡയറക്ട് ഡിസ്കൗണ്ട് സർവിസ്'എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ബാങ്ക് അക്കൗണ്ട് നമ്പറും എമിറേറ്റ്സ് ഐ.ഡി നമ്പറും ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ചേർക്കണം. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് നിശ്ചിയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അംഗീകരിക്കുകയും വേണം.
ഈ അപേക്ഷ സെൻട്രൽ ബാങ്കിന്റെ അനുമതിക്കായി സമർപ്പിക്കും. അനുവദിച്ചതായുള്ള നോട്ടിഫിക്കേഷനും വരും. അനുവദിച്ചില്ലെങ്കിൽ അതും കാരണസഹിതം അറിയിക്കും. പിഴ അടച്ചുതീരുന്നതു വരെ വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ കഴിയില്ല. ഏതെങ്കിലും ഇൻസ്റ്റാൾമെന്റ് മുടക്കുന്നവർക്ക് പിന്നെ രണ്ടു വർഷത്തേക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയില്ല. കാലാവധിയുള്ള ഐഡന്റിറ്റി കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പറും ഐ.ബി.എ.എന്നും വാഹന നമ്പരും അനിവാര്യമായ കാര്യങ്ങളാണ്. ദുബൈ പൊലീസ് ആപ്ലിക്കേഷൻ, ദുബൈ പൊലീസ് വെബ്സൈറ്റ്, സമാർട്ട് പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഈ സേവനത്തിനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 901 എന്ന നമ്പറിൽ കോൾസെന്ററുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.