അബൂദബി: അഡ്നോക് മാരത്തണിനുവേണ്ടി അബൂദബിയിലെ വിവിധ റോഡുകള്‍ ശനിയാഴ്ച അടച്ചിടും. കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിന്റെ വിവിധ ഭാഗങ്ങള്‍ അര്‍ധരാത്രി മുതല്‍ രാവിലെ 7.30 വരെയും കോര്‍ണിഷ് സ്ട്രീറ്റില്‍ പുലര്‍ച്ച രണ്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയും അടച്ചിടും.
അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ് പുലര്‍ച്ച മൂന്നു മുതല്‍ രാവിലെ ഒമ്പതു വരെയും അടച്ചിടും.
ഇവിടെനിന്ന് മാരത്തണ്‍ റൂട്ട് ശൈഖ് റാശിദ് ബിന്‍ സഈദ് സ്ട്രീറ്റിലേക്ക് തിരിയും. ഡ്രൈവര്‍മാര്‍ സുരക്ഷിതമായി നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു. മാരത്തണ്‍ കടന്നുപോകുന്ന റൂട്ട് അനുസരിച്ച് എട്ടു ഘട്ടങ്ങളില്‍ ആയാണ് റോഡ് അടച്ചിടല്‍ ഉണ്ടാവുക.
കോര്‍ണിഷ് റോഡിലെ അഡ്നോക് ആസ്ഥാനത്തിന് സമീപത്തുനിന്ന് തുടങ്ങുന്ന ഓട്ടം ബൈനുന പബ്ലിക് പാര്ക്കിന് സമീപത്ത് അഡ്നോക് കാമ്പസിലാണ് എത്തുക. ഭിന്നശേഷിക്കാര്‍ക്കും പാരാലിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കും മാരത്തണ്‍ രജിസ്ട്രേഷന് സൗജന്യമാണ്. കുട്ടികളും കുടുംബങ്ങളും അടക്കം എല്ലാവർക്കും പങ്കെടുക്കാം. മാരത്തണ്‍, മാരത്തണ്‍ റിലേ (രണ്ടു പേര് അടങ്ങുന്ന ടീം), 10 കി.മീ, അഞ്ചു കി.മീ, 2.5 കി.മീ എന്നിങ്ങനെയാണ് മത്സരം. ലോകപ്രശസ്ത ഓട്ടക്കാര്‍ അടക്കം 23,000 പേര് മാരത്തണില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.