ദുബൈ: മെയ്ദാൻ റോഡിൽ അശ്രദ്ധമായി വാഹനമോടിക്കുകയും വാഹനാഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്ത 17 വാഹനങ്ങൾ ദുബൈ പൊലീസ് പിടിച്ചെടുത്തു.
അപകടകരമായ രീതിയിൽ റോഡിൽ വാഹന സ്റ്റണ്ടിൽ ഏർപ്പെട്ട ഡ്രൈവർമാർക്കെതിരെ കർശന ശിക്ഷ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 101 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു. ഫെഡറൽ ട്രാഫിക് നിയമത്തിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള പിഴയും വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.
2023ലെ നിയമം നമ്പർ 30 പ്രകാരം, പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരികെ വിട്ടുകിട്ടാൻ ഉടമകൾ 50,000 ദിർഹം വരെ പിഴ അടക്കേണ്ടതായി വരും. ജനവാസ മേഖലയിൽ അനുമതിയില്ലാതെ വാഹനങ്ങളുടെ ഉപയോഗം, അമിത ശബ്ദമുണ്ടാക്കൽ, അഭ്യാസപ്രകടനം, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് ആക്ടിങ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ ആള് മസ്രൂയി അറിയിച്ചു.
കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് വാഹനം പിടിച്ചുവെക്കുന്ന കാലാവധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ യുവാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണം. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിന്റെ സ്മാർട്ട് ആപ്പിൽ പൊലീസ് ഐ സേവനത്തിലൂടെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.