ദുബൈ: എമിറേറ്റിലെ മലയോര മേഖലയായ ഹത്തയിൽ 86 കി.മീറ്റർ പർവത പാതയുടെ നിർമാണം പൂർത്തിയായി. പ്രദേശത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റി പാതകൾ പുനർനിർമിച്ചത്.
ഹൈക്കർമാർക്കും സൈക്ലിസ്റ്റുകൾക്കും സാഹസിക യാത്രകൾക്ക് ഉപകരിക്കുന്ന പാത ഇത്തരത്തിൽ യു.എ.ഇയിലെ ഏറ്റവും വലിയതാണ്. 53 കി.മീറ്റർ നീളമുള്ള 21 സൈക്ലിങ് റൂട്ടുകൾ, 33 കി.മീറ്റർ നീളത്തിൽ 17 കാൽനട പാതകൾ, ഒമ്പത് പുതിയ മരപ്പാലങ്ങൾ, 14 വിശ്രമസ്ഥാനങ്ങൾ എന്നിവയാണ് പദ്ധതിയിൽ രൂപപ്പെടുത്തിയത്.
മനോഹരവും വ്യത്യസ്തതകൾ നിറഞ്ഞതുമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന പാത സങ്കീർണതയനുസരിച്ച് നാല് കളർ കോഡുകളാക്കി തിരിച്ചിട്ടുണ്ട്. പച്ച നിറത്തിലുള്ള പാതയിൽ സൈക്ലിങ്ങിനും നടത്തത്തിനും നാലു വീതം ട്രാക്കുകളുണ്ട്.
നീല നിറത്തിലുള്ളതിൽ സൈക്ലിങ്ങിന് ആറ്, നടത്തത്തിന് മൂന്ന് എന്നിവയും ചുവപ്പ് നിറത്തിലുള്ളതിൽ സൈക്ലിങ്ങിന് എട്ട് റൂട്ടുകളും നടത്തത്തിന് ആറ് റൂട്ടുകളുമുണ്ട്. കറുപ്പ് നിറത്തിലെ പാതയിൽ സൈക്ലിങ്ങിന് മൂന്ന് ട്രാക്കും നടക്കാൻ നാല് ട്രാക്കുകളുമാണുള്ളത്.
10 മാസമെടുത്താണ് ദുബൈ മുനിസിപ്പാലിറ്റി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. നിലവിലെ ഹൈക്കിങ്, ബൈക്ക് പാതകൾ വിപുലീകരിച്ചും നവീകരിച്ചുമാണ് പദ്ധതി പൂർത്തിയാക്കിയത്. നിലവിലെ എല്ലാ പാലങ്ങളിലും വിപുലമായ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചിട്ടുണ്ട്. പൂർണമായി തകർന്ന ഒരു പാലം മാറ്റിപ്പണിയുകയും ചെയ്തു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് വിശ്രമസ്ഥലങ്ങളും സേവന സൗകര്യങ്ങളും ഏർപ്പെടുത്തിയത്. ഈ ഘട്ടത്തിൽ 176 സൈൻ പോസ്റ്റുകളും സൈക്ലിസ്റ്റുകളെ സഹായിക്കുന്ന 650 സൂചന ബോർഡുകളും സ്ഥാപിച്ചു.
ദുബൈയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലോകത്തെ ഏറ്റവും സജീവവും ആരോഗ്യപൂർണവുമായ നഗരമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽഹജ്രി പറഞ്ഞു.
താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറെ ആകർഷകമായ ലക്ഷ്യസ്ഥാനമായി ഹത്തയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹത്തയിൽ നടപ്പാക്കുന്ന നിരവധി പദ്ധതികളിൽ ഒന്നു മാത്രമാണ് പർവത പാതകളുടെ നിർമാണം.
സ്വകാര്യ സ്കൂളുകളുടെ നിർമാണം, മേഖലയിലെ താമസക്കാർക്ക് അയൽപക്ക കേന്ദ്രം എന്നിവയടക്കം വിവിധ പദ്ധതികൾക്ക് ജനുവരിയിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.