ദുബൈ: കനത്ത മഴക്കു പിന്നാലെ ദുബൈ, അബൂദബി, റാസൽഖൈമ, ഷാർജ അടക്കം വിവിധ എമിറേറ്റുകളിൽ തിങ്കളാഴ്ച ദൃശ്യമായത് കനത്ത മൂടൽമഞ്ഞ്. തിങ്കളാഴ്ച പുലർച്ച വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടിയതോടെ ഡ്രൈവർമാരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന മൂടൽമഞ്ഞിൽ വാഹന ഗതാഗതം പലയിടങ്ങളിലും ദുഷ്കരമായി.
അബൂദബിയിലെ പ്രധാന പാതകളിലെല്ലാം പൊലീസ് വേഗപരിധി 80 കി.മീറ്ററാക്കി കുറച്ചു. റോഡിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിരുന്നു. രാവിലെ ആറു മണിയോടെ ഡ്രൈവർമാർക്ക് മൊബൈലിൽ താൽക്കാലിക വേഗപരിധി പാലിക്കണമെന്ന സന്ദേശം ലഭിച്ചിരുന്നു.
രാവിലെ 10 മണിവരെയാണ് അപകടകരമായ സാഹചര്യം ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. ഈ സമയമാകുമ്പോഴേക്കും അന്തരീക്ഷം തെളിയുകയും ചെയ്തു. അതേസമയം, ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴ ലഭിച്ചേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അപകടകരമായ സാഹചര്യം നിലവിലില്ല. പ്രധാനമായും വടക്കൻ എമിറേറ്റുകളിലാണ് ചെറുതും ഇടത്തരവുമായ മഴ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.