ദുബൈ: 46 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കണ്ണൂർ ഒവിനകത്തെ കുറുക്കണ്ടി അഹമ്മദ് നാട്ടിലേക്ക് തിരിക്കുന്നു. 1975 സെപ്റ്റംബർ 14നാണ് ആദ്യമായി ദുബൈയിൽ എത്തുന്നത്. കണ്ണൂരിൽനിന്നും ബോംബെയിലേക്ക് ബസിലും അവിടെ നിന്ന് ഏഴു ദിവസമെടുത്ത് അക്ബർ എന്ന കപ്പലിൽ റാശിദ് തുറമുഖത്തും എത്തുകയായിരുന്നു.
സഹോദരനൊപ്പം ദുബൈ ദേരയിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത്. ഒരു മാസത്തിനുശേഷം ദുബൈ പെട്രോളിയം കമ്പനിയിൽ ജോലികിട്ടി. എട്ടു വർഷങ്ങൾക്കു ശേഷം ദുബൈ എയർപോർട്ട് കസ്റ്റംസ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 25 വർഷകാലം ഇവിടെ ജോലിയിൽ തുടർന്നു. തുടർന്ന് ഏഴു വർഷം ഓയിൽ ഫീൽഡ് സപ്ലൈ എന്ന കമ്പനിയിലും ആറു വർഷം സീ ബോൺ എക്സ്പ്രസ് കമ്പനിയിലും ജോലിചെയ്തു.
നാലര പതിറ്റാണ്ടിനുള്ളിൽ ദുബൈയിൽ വന്ന ഓരോ മാറ്റങ്ങൾക്കും സാക്ഷിയാണ് അഹമ്മദ്. അതിനാൽ, തന്നെ ഈ രാജ്യത്തോടും ഭരണാധികാരികളോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് അഹമ്മദ് പറയുന്നു. 30 വർഷക്കാലം കുടുംബ സമേതം താമസിച്ചത് ദുബൈ കറാമയിലായിരുന്നു. യു.എ.ഇയിലെ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ആവോളം ആസ്വദിക്കാനും ഈ കാലത്ത് കഴിഞ്ഞിട്ടുണ്ട്. 1978 മുതലാണ് ഭാര്യ പി.എം.കെ ഫൗസിയ ഇദ്ദേഹത്തോടൊപ്പം ദുബൈയിൽ എത്തിയത്. സിദ്ദിഖ് അഹമ്മദ്, സൽവ മറിയം, സന അഹമ്മദ്, മുഹമ്മദ് അഹമ്മദ് എന്നിവരാണ് മക്കൾ. ഇപ്പോൾ നാലുപേരും ദുബൈയിലുണ്ട്. തലശ്ശേരി, അചാരത്ത് റോഡിൽ സ്വന്തമായി നിർമിച്ച 'സിദ്റ' എന്ന വീട്ടിലേക്കാണ് ശിഷ്ട ജീവിതം നയിക്കാൻ പോകുന്നത്.
ചെടികൾ നട്ടു വളർത്തുന്നതിലും വിവിധതരം ഭക്ഷണം പാകം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഹമ്മദിെൻറയും ഫൗസിയയുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.