ദുബൈ: റോഡപകടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും ആരുടെ ഭാഗത്താണ് പിഴവ് എന്നും നിർണയിക്കാനും സഹായിക്കുന്ന നിർമിതബുദ്ധി ആപ്ലിക്കേഷൻ അവതരിപ്പിച്ച് ദുബൈ പൊലീസ്.ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് ദുബൈ പൊലീസ് പുതിയ ആപ് അവതരിപ്പിച്ചത്.
ആപ്പിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. വൈകാതെ പൊതു ജനങ്ങൾക്ക് ആപ് ലഭ്യമാകുമെന്ന് ദുബൈ പൊലീസിന്റെ വക്താവ് പറഞ്ഞു.അപകടം സംഭവിച്ചാൽ ഉടൻ അതിന്റെ വിവരങ്ങളും ഫോട്ടോയും അടക്കം ആപ്പിൽ അപ്ലോഡ് ചെയ്യണം. ലഭ്യമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ പരിശോധിക്കുകയും ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്നും ആപ്ലിക്കേഷൻ നിർണയിക്കും.
ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അപകടത്തിന് ഉത്തരവാദിയായ ആൾക്ക് റെഡ് നോട്ടീസും ഇരയായ ആൾക്ക് ഗ്രീൻ നോട്ടീസും നൽകാൻ ദുബൈ പൊലീസിന് എളുപ്പത്തിൽ സാധിക്കും. നിലവിൽ അപകടം നടന്നാൽ പൊലീസ് സംഭവസ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തി എങ്ങനെയാണ് അപകടം സംഭവിച്ചതെന്നും ആരാണ് ഉത്തരവാദിയെന്നും തീരുമാനിക്കുകയുമാണ് ചെയ്യുന്നത്. ഇതിന് വലിയ തോതിൽ സമയം നഷ്ടമാണ്.പുതിയ ആപ്ലിക്കേഷൻ വരുന്നതോടെ സമയം ലാഭിക്കാനും മനുഷ്യ അധ്വാനം 50 ശതമാനം വരെ കുറക്കാനും കഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.