ദുബൈ: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സിറിയയിലേക്ക് 2000 ടൺ സഹായവസ്തുക്കൾ എത്തിച്ച് യു.എ.ഇ അധികൃതർ. കപ്പലിൽ അയച്ച അവശ്യസാധനങ്ങളും മരുന്നുകളുമടങ്ങിയ വസ്തുക്കൾ സിറിയയിലെ ലതാകിയ തുറമുഖത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളുമാണ് പ്രധാനമായും ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന് നടന്നുവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തേ 1000 ടൺ സാധനങ്ങൾ എത്തിച്ചിരുന്നു.
1,040 ടൺ ഭക്ഷണം, 600 ടൺ ദുരിതാശ്വാസ, വൈദ്യസഹായം, 573 ടൺ നിർമാണ സാമഗ്രികൾ എന്നിവയാണ് കപ്പലിൽ ഉൾപ്പെടുത്തിയത്. യു.എ.ഇ സർക്കാറിന്റെ ജീവകാരുണ്യ സംവിധാനമായ എമിറേറ്റ്സ് റെഡ് ക്രസന്റ് വഴിയാണ് സഹായ വസ്തുക്കളുടെ ശേഖരണവും വിതരണവും നിർവഹിക്കുന്നത്. തുർക്കിയയിലും സിറിയയിലും നേരത്തേ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-2 പദ്ധതിയുടെ ഭാഗമായി സഹായമെത്തിക്കുന്നത് തുടരുമെന്ന് റെഡ് ക്രസന്റ് ചെയർമാർ ഡോ. ഹംദാൻ അൽ മസ്റൂയി പറഞ്ഞു. സിറിയൻ അറബ് റെഡ് ക്രസന്റുമായി സഹകരിച്ചാണ് സഹായം സിറിയയിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. ദുരന്തത്തിന്റെ സാഹചര്യത്തിൽ യു.എ.ഇ നൽകിവരുന്ന പിന്തുണക്ക് ലതാകിയ ഗവർണർ അമീർ ഇസ്മായിൽ ഹിലാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.