ഷാർജ: ഈ വർഷം ആദ്യ പകുതി അവസാനിക്കുമ്പോൾ ഷാർജയിലെ പ്രമുഖ ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ലാഭം കുതിച്ചുയർന്നു. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനി നേടിയത് 45.9 കോടി ദിർഹമിന്റെ ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 187 ശതമാനമാണ് ലാഭ വർധന. 2022ൽ രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭം 16 കോടിയായിരുന്നു.
യാത്രക്കാരുടെ ഡിമാൻഡ് വർധിച്ചതോടെ ആകെ വരുമാനത്തിൽ 25 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.11 ശതകോടിയായിരുന്ന വരുമാനം ഈ വർഷം 1.39 ശതകോടി ദിർഹമായി ഉയർന്നു. പ്രവർത്തന ലാഭത്തിൽ തുടർച്ചയായി വർധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്.
ഏപ്രിൽ-ജൂൺ മാസങ്ങളിലായി എയർ അറേബ്യയുടെ ഏഴു പ്രധാന ഡെസ്റ്റിനേഷനുകളിലായി 3.8 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 37 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം, 2023ന്റെ ആദ്യ പകുതിയിൽ (ജനുവരി മുതൽ ജൂൺ വരെ) എയർ അറേബ്യയുടെ അറ്റ ലാഭം 801 ദശലക്ഷം ദിർഹമാണ്. 2022ന്റെ ആദ്യ പകുതിയിൽ രജിസ്റ്റർ ചെയ്ത ലാഭം 451 ദശലക്ഷം ദിർഹമായിരുന്നു. ഈ വർഷം ആറു മാസത്തിനിടെ വിമാനങ്ങളുടെ എണ്ണവം എയർ അറേബ്യ വർധിപ്പിച്ചിരുന്നു. മൂന്ന് പുതിയ വിമാനങ്ങളാണ് കമ്പനി പുതുതായി വാങ്ങിയത്.
ഇതേ കാലയളവിൽ, യു.എ.ഇ, മൊറോക്കോ, ഈജിപ്ത്, അർമേനിയ, പാകിസ്താൻ എന്നിവിടങ്ങളിലെ ഏഴ് ഓപ്പറേറ്റിങ് ഹബ്ബുകളിലായി 18 പുതിയ റൂട്ടുകൾ ആരംഭിച്ചുകൊണ്ട് ശൃംഖല വിപുലീകരിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ എയർ അറേബ്യയ്ക്ക് ലോ കോസ്റ്റ് എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരവും കമ്പനി നേടിയിരുന്നു.
എയർ അറേബ്യയുടെ മികച്ച പ്രകടനത്തിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി സന്തുഷ്ടി രേഖപ്പെടുത്തി. അർപ്പണ ബോധത്തോടെ ആത്മാർഥമായി പ്രവർത്തിക്കുന്ന ടീമുമായി ഉപഭോക്താക്കൾക്ക് അസാധാരണമായ അനുഭവം നൽകുന്നത് എയർ അറേബ്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.