റാസല്‍ഖൈമ: എയര്‍ അറേബ്യയുടെ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടിനുള്ള പുതിയ സര്‍വീസിന് ‘ഹൗസ്ഫുള്‍’ തുടക്കം. വിമാനത്താവളത്തില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ എൻജിനീയര്‍ ശൈഖ് സാലിം ബില്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സര്‍വീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. റാക് വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് പത്ത് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളതായി അധ്യക്ഷത വഹിച്ച എയര്‍ അറേബ്യ സി.ഇ.ഒ ആദില്‍ അല്‍ അലി പറഞ്ഞു.
ആദ്യപടിയായി മൂന്നു വിമാനങ്ങളാണ് സര്‍വിസ് ആരംഭിക്കുന്നത്. ഭാവിയില്‍ സര്‍വിസ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.റാസല്‍ഖൈമയിലെ ആദ്യസന്ദര്‍ശനം തന്റെ നാട്ടിലേക്കുള്ള വിമാന സര്‍വിസ് ഉദ്ഘാടനച്ചടങ്ങിനായത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് പറഞ്ഞു. ഇത് വടക്കന്‍ എമിറേറ്റിലെ മലയാളി സമൂഹത്തിന് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും കോണ്‍സല്‍ ജനറല്‍ തുടര്‍ന്നു. സർവിസ് റാസൽഖൈമയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു
എയര്‍ അറേബ്യ റീജ്യനല്‍ മാനേജര്‍ രാജേഷ് നറൂല, എയര്‍ അറേബ്യ ജനറല്‍ സെയില്‍സ് ഏജന്‍റ് കോസ്മോ ട്രാവല്‍സ് സി.ഇ.ഒ ജമാല്‍ അബ്ദുല്‍ നാസര്‍, റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം, സ്മാര്‍ട്ട് ട്രാവല്‍സ് മേധാവി അഫി അഹമ്മദ്, വിവിധ ട്രാവല്‍സ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, എയര്‍ അറേബ്യ ജീവനക്കാര്‍, റാക് എയര്‍പോര്‍ട്ട് അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. ഈ ദിവസങ്ങളില്‍ രാത്രി 8.20ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലത്തെും. ഞായറാഴ്ച്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് എത്തും. ഞായറാഴ്ച്ച കോഴിക്കോട് നിന്ന് വൈകുന്നേരം 4.50ന് പുറപ്പെടുന്ന വിമാനം 7.25ന് റാസല്‍ഖൈമയിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.