അബൂദബി: വിവാഹ വാർഷികത്തിന് 10 ദിവസം മുമ്പ് പ്രിയതമയേയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും നഷ്ടപ്പെട്ട വേദനയിൽ ആത്തിഫ് മുഹമ്മദ്. കരിപ്പൂർ വിമാനാപകടത്തിലാണ് ആത്തിഫിന്റെ ആറുമാസം ഗർഭിണിയായ ഭാര്യ മനാൽ അഹ്മദ് (25) മരണപ്പെട്ടത്.
ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ ആത്തിഫും മാതാവ് സഫിയയും എത്തുേമ്പാഴേക്ക് മനാലും കുഞ്ഞുവാവയും മൊകേരിക്കടുത്തുള്ള കായക്കൊടി ജൂമാ മസ്ജിദിലെ മൈലാഞ്ചിക്കാടിൽ ഉറങ്ങിയിട്ടുണ്ടാവും.
2019 ആഗസ്റ്റ് 17നാണ് നാദാപുരം സ്വദേശി ആത്തിഫ് മുഹമ്മദും കോഴിക്കോട് കുറ്റ്യാടിക്കു സമീപം മൊകേരി സ്വദേശി പരേതനായ അഹ്മദിന്റെ മകൾ മനാലും വിവാഹിതരായത്. ഇവരുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും സൗദി അറേബ്യയിൽ ബിസിനസുകാരനായ അഹ്മദ് മൊകേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നു വിവാഹം നീട്ടിവെക്കുകയായിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു അഹ്ദിെൻറ മരണം.
കഴിഞ്ഞ മാർച്ച് ആദ്യത്തിലാണ് മനാൽ ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ആത്തിഫ് മുഹമ്മദിനരികിലെത്തിയത്. അജ്മാനിലായിരുന്നു താമസം. ബലി പെരുന്നാൾ ആഘോഷത്തിന് അബൂദബി ഖലീഫ സിറ്റിയിൽ താമസിച്ചിരുന്ന ആത്തിഫിന്റ മാതാപിതാക്കൾക്കരികിലെത്തിയിരുന്നു ഇരുവരും. ആത്തിഫിന്റെ പിതാവ് പാലോളിതിൽ ഇസ്മയിലും ഭാര്യ സഫിയയും ഒരുമിച്ചായിരുന്നു ബലി പെരുന്നാൾ ആഘോഷിച്ചത്. ഇവിടെ നിന്നാണ് നാട്ടിലുള്ള മാതാവ് സാറയുടെ അരികിലേക്ക് വെള്ളിയാഴ്ച പുറപ്പെട്ടത്. കോവിഡ് പ്രതിസന്ധിക്കുശേഷം പ്രസവമാകുമ്പോഴേക്കും അരികിലെത്താമെന്ന് ഉറപ്പു പറഞ്ഞാണ് മനാലിനെ ദുബൈ വിമാനത്താവളത്തിൽ നിന്ന് ആത്തിഫ് മുഹമ്മദ് വെള്ളിയാഴ്ച നിറകണ്ണുകളോടെ യാത്രയാക്കിയത്.
യാത്രയാക്കി അബൂദബിയിൽ തിരിച്ചെത്തിയപ്പോഴേക്കും വിമാനാപകട വാർത്തയെത്തി. ഓരോ ആശുപത്രിയിലും പ്രവേശിപ്പിച്ചവരെക്കുറിച്ചറിയാൻ തിരക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മനാലിന്റെ മരണവാർത്ത എത്തിയത്. മൊകേരിയിലെ വീട്ടിൽ പ്രസവിച്ചു കിടക്കുന്ന മൂത്ത മകൾ മുബഷിറക്കു വീട് നൽകി. മൊകേരിയിൽ മറ്റൊരു വീട്ടിൽ ക്വാറന്റീൻ സൗകര്യമൊരുക്കി വിമാനത്താവളത്തിൽ നിന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ പോയ സാറക്ക് മകളുടെ മരണ വാർത്ത താങ്ങാവുന്നതിനപ്പുറമായിരുന്നു. മർസീന, ഹൈതം എന്നിവരാണ് മനാലിെൻറ ഇളയ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.