അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ (ഐ.എസ്.സി) കഴിഞ്ഞമാസം പത്തിന് ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് പ്രവർത്തനം അവസാനിപ്പിച്ചു. ഖാലിദിയയിലെ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിൽ സേവനം പുനരാരംഭിക്കും. ജൂലൈ പത്തുമുതൽ ആഗസ്റ്റ് 20വരെ ഐ.എസ്.സിയിലെ കൗണ്ടറിൽ 11,000ത്തിലധികം പേരാണ് വന്ദേഭാരത് മിഷൻ വിമാന സർവിസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ തേടിയെത്തിയത്.
വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് വാങ്ങാനെത്തിയ ജനക്കൂട്ടം സാമൂഹിക അകലം പാലിക്കാതെ തുടർച്ചയായി നിയമലംഘനം തുടർന്ന സാഹചര്യത്തിലാണ് അബൂദബി ഖാലിദിയയിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് ജൂലൈ ഒന്നിന് അബൂദബി പൊലീസ് അടപ്പിച്ചത്. ഇതേ തുടർന്നാണ് ടിക്കറ്റ് വിതരണത്തിന് അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ (ഐ.എസ്.സി) താൽക്കാലിക സൗകര്യം അനുവദിച്ചത്.
കോവിഡ് വ്യാപനത്തിനിടയിൽ ജോലിനഷ്ടപ്പെട്ടും വിസ കാലാവധി കഴിഞ്ഞും മറ്റും നാട്ടിലേക്ക് പോകുന്നവരും നാട്ടിൽ നിന്ന് തിരിച്ചെത്താനുള്ളവരുടെ ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളാണ് ടിക്കറ്റെടുക്കാൻ ദിവസവും എത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റെടുക്കാൻ എത്തിയവരിൽ അധികവും സ്വന്തമായി ഓൺലൈൻ സൗകര്യം ഇല്ലാത്തവരായിരുന്നു. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിർമാണ മേഖലയിലെയും മറ്റും തൊഴിലാളികളായിരുന്നു ഭൂരിഭാഗവും. ഐ.എസ്.സിയിലെ പ്രധാന ഓഡിറ്റോറിയത്തിലാണ് സാമൂഹിക അകലം സൂക്ഷിച്ചുകൊണ്ടുള്ള ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചത്. 150പേർക്കുള്ള ഇരിപ്പിടം ഒന്നര മീറ്റർ ഇടവിട്ടാണ് ഇവിടെ വിന്യസിച്ചിരുന്നത്.
ടിക്കറ്റെടുക്കാൻ എത്തുന്നവർക്ക് രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറ് വരെയാണ് ടോക്കൺ നൽകി പ്രവേശനം അനുവദിച്ചിരുന്നത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു ടിക്കറ്റ് കൗണ്ടർ 42 ദിവസം ഐ.എസ്.സിയിൽ പ്രവർത്തിച്ചിരുന്നതെന്ന് ജനറൽ സെക്രട്ടറി ജോജോ അംബൂക്കൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.