ഷാർജ: ശനിയാഴ്ച രാത്രി 9.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട 9ഡബ്ലിയു 562ാം നമ്പർ ജെറ്റ് എയർലൈൻസ് വിമാനം മുന്നറിയിപ്പില്ലാതെ വഴിതിരിച്ചുവിട്ടതിനിടെ യാത്രക്കാരെ ദുരിതത്തിലാക്കിയത് പ്രതിഷേധത്തിനിടയാക്കി. മഞ്ഞ് കാരണം ഷാർജയിൽ ലാൻറിങ് നടക്കാതെ വന്നതോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട വിമാനം അവിടെ അടിയന്തര ലാൻഡിംഗ് ചെയ്തിരുന്നു. അഞ്ച് മണിക്കൂർ മസ്കത്തിൽ നിർത്തിയിട്ട വിമാനത്തിലെ പൈലറ്റും മറ്റ് ജീവനക്കാരും ജോലിസമയം കഴിഞ്ഞതിനെ തുടർന്ന് ഇറങ്ങി പോവുകയും പുതിയ ജീവനക്കാർ എത്തുകയും ചെയ്തു.
200 ഓളം വരുന്ന യാത്രക്കാർ കരുതിയത് വിമാനം ഇനി നേരെ ഷാർജയിലേക്ക് യാത്ര തിരിക്കുമെന്നാണ്. എന്നാൽ പുതുതായി എത്തിയ പൈലറ്റ് വിമാനം കൊച്ചിയിലേക്ക് തിരിച്ച് പറക്കുകയാണെന്നും അല്ലാതെ മറ്റു വഴി ഇല്ലെന്നും സന്ദേശം നൽകി. അധികം താമസിയാതെ വിമാനം മസ്കത്തിൽ നിന്ന് പറന്നുയർന്നു. രാവിലെ 11 മണിയോടെ വീണ്ടും കൊച്ചിയിൽ ഇറക്കി. ദുബൈയിലും ഷാർജയിലും മറ്റും ജോലിക്കായി പുറപ്പെട്ടവരും പ്രായമായവരും സ്ത്രീകളും കുഞ്ഞുങ്ങളുമല്ലാം അടങ്ങുന്നവർ ഇതിനകം ഏറെ ക്ഷീണിതരായിരുന്നു. വിമാനത്തിൽ യാത്രക്കാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ ഏ.സി. ഓഫാക്കുമെന്ന് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി യാത്രക്കാരനായ സുബൈർ വള്ളിക്കാട് പറഞ്ഞു. യാത്രക്കാർ വഴങ്ങാതെ വന്നതോടെ വിമാനത്തിനകത്ത് അനുനയ ചർച്ച തുടങ്ങി, ചിലർ മാധ്യമങ്ങളെ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും മറ്റും എത്തിയിട്ടും യാത്രക്കാർ പ്രതിഷേധം തുടർന്നു. പിന്നീട് സ്ഥലം ചാർജുള്ള നെടുമ്പാശ്ശേരി എസ്.ഐ വിമാനത്തിലെത്തി യാത്രക്കാരെ സമാധാനിപ്പിച്ചു. തുടർ യാത്രക്കുള്ള എല്ലാ സൗകര്യവും അദ്ദേഹം ഉറപ്പ് നൽകി. പ്രതിഷേധം തത്ക്കാലം അവസാനിച്ചു. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങി വീണ്ടും കാത്തിരിപ്പ് കേന്ദ്രത്തിലെത്തി. മണിക്കൂറുകളുടെ യാത്രയുടെ ക്ഷീണം പലർക്കും ഇതിനകം യാതനയായി മാറിയിരുന്നു. കുറച്ചാളുകൾക്ക് ഞായറാഴ്ച തന്നെ അബൂദബിയിലേക്ക് തിരിക്കാനായി. ബാക്കിയുള്ളവർക്ക് തിങ്കളാഴ്ച മാത്രമെ തിരിച്ചെത്താനാവുകയുള്ളുവെന്നാണ് സുബൈർ ഗൾഫ് മാധ്യമത്തോട് പറഞ്ഞത്. യാത്രക്കാർക്ക് ഭക്ഷണം ലഭിച്ചതായി തൃശൂർ സ്വദേശി രമേഷ് പറഞ്ഞു. എന്നാൽ ഇരുന്നിരുന്ന് ശരീരമാകെ വേദന തുടങ്ങിയതായി എറണാകുളം സ്വദേശി ഷൈമ പറഞ്ഞു. എം.ജി സർവകലാശാല മുൻ േപ്രാവൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂറും യാത്രക്കാരിൽ ഉണ്ടായിരുന്നു. ഞായറാഴ്ച ജോലിക്ക് കയറേണ്ടവരും വിസയുടെ പ്രശ്നമുള്ളവരും വിമാനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.