ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 27 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30 കിലോ ഉപയോഗിക്കാമെന്നാണ് ട്രാവത്സുകൾക്ക് പങ്കുവെച്ച പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുള്ളത്. അപ്രതീക്ഷിതമായി കഴിഞ്ഞമാസമാണ് എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ സെക്ടറിൽ ലഗേജ് പരിധി 20 കിലോയായി വെട്ടിച്ചുരുക്കിയത്.
ആഗസ്റ്റ് 19നുശേഷം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരുന്നു നിയന്ത്രണം. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന കേരള സെക്ടറിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് വൻ തിരിച്ചടിയായിരുന്നു.
ഇതിനെതിരെ പാർലമെന്റിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നെങ്കിലും നടപടി പിൻവലിക്കാൻ കമ്പനി തയാറായിരുന്നില്ല. സീസൺ സമയങ്ങളിൽ പ്രവാസികളെ കൂടുതൽ പിഴിയാനായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം.
എന്നാൽ, ബാഗേജ് പരിധി കുറച്ചതോടെ യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസിനെ കൈവിടുകയും ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റ് വിമാനങ്ങളെ ആശ്രയിക്കാനും തുടങ്ങി. ഇതോടെ ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ കമ്പനി നിർബന്ധിതമാവുകയായിരുന്നു.
ജി.സി.സിയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് യു.എ.ഇയിലാണ്. കൂടാതെ കൊച്ചിയിലേക്ക് മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. കൂടുതൽ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റേതാണ്. സീസൺ സമയങ്ങളിൽ വിമാന ടിക്കറ്റ് കുത്തനെ ഉയർത്തുന്നതിന് പിറകെ ലഗേജ് പരിധി കുറച്ചതോടെ പ്രവാസ ലോകത്ത് വൻപ്രതിഷേധം ഉയർന്നിരുന്നു. പൂർണമായും എയർ ഇന്ത്യ എക്സ്പ്രസിനെ കൈവിടാനുള്ള കാമ്പയിനുകളും സോഷ്യൽ മീഡിയകളിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.