എയർ ഇന്ത്യ വിമാനം തിരിച്ചിറക്കൽ; 38 മണിക്കൂർ ദുരിതത്തിന് ശേഷം യാത്രക്കാർ നാട്ടിൽ

ഷാർജ: ദുരിതക്കടൽ താണ്ടി എയർ ഇന്ത്യ യാത്രക്കാർ നാട്ടിലെത്തി. വെള്ളിയാഴ്ച രാത്രി തകരാറിനെ തുടർന്ന് ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ നാട്ടിലെത്തിയത് ഞായറാഴ്ച വൈകിട്ടോടെ.

പല വിമാനങ്ങളിലായാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. ചില യാത്രക്കാരെ തിരുവനന്തപുരം വിമാനത്താളം വഴി എത്തിച്ചതോടെ ഇവർക്ക് തലസ്ഥാന നഗരിയിൽനിന്ന് കോഴിക്കോട്ടേക്ക് വീണ്ടും യാത്ര ചെയ്യേണ്ടി വന്നു. അവസാന ബാച്ച് യാത്രക്കാരെ ഞായറാഴ്ച ഉച്ചക്ക് 12.51ന്‍റെ കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്കയച്ചു.

വെള്ളിയാഴ്ച രാത്രി 11.45ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷമാണ് തിരിച്ചിറക്കിയത്. 174 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചത്. ടെർമിനലിലേക്ക് മാറ്റിയ യാത്രക്കാരോട് വിമാനം എപ്പോൾ പുറപ്പെടുമെന്നോ പകരം വിമാനം ഏർപെടുത്തുന്ന കാര്യമോ അധികൃതർ അറിയിച്ചില്ല.

യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. ഉച്ചക്ക് ശേഷം യാത്രക്കാരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. തൊട്ടടുത്ത് താമസിക്കുന്നവരെ വീടുകളിലേക്ക് തിരിച്ചയച്ചു. ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കൾ മരിച്ചിട്ട് പോകുന്നവരുമൊക്കെ വിമാനത്തിൽ ഉണ്ടായിരുന്നു. അടിയന്തരാവശ്യങ്ങൾക്ക് ഒന്നും രണ്ടും മൂന്നും ദിവസങ്ങൾക്ക് യാത്ര തിരിച്ചവരുമുണ്ടായിരുന്നു. നാട്ടിലെത്തിക്കാനുള്ള മൃതദേഹവും അവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു.

യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ ചില യാത്രക്കാരെ തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട്ടേക്ക് യാത്ര സൗകര്യം ഒരുക്കാമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പ് നൽകിയിരുന്നു. കുറച്ചുപേർ ചെന്നൈ വിമാനത്തിലാണ് യാത്ര ചെയ്തത്. ബാക്കിയുള്ളവരെ ഉച്ചയോടെ കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്കയച്ചു.

Tags:    
News Summary - Air India flight; passengers are back home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.