ദുബൈ: പ്രവാസഭൂമിയിൽനിന്ന് നാടണയാൻ ആഗ്രഹിക്കുന്നവരെപ്പോലെ നാട്ടിൽനിന്ന് തിരിച്ചെത്തി ഗൾഫ് നാടുകളിൽ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നതും ആയിരങ്ങളാണ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവിസ് പ്രഖ്യാപിച്ചത് ഏറെ ആശ്വാസം പകർന്നിരിക്കുകയാണ് പലർക്കും. ഇന്നു മുതൽ ജൂൺ നാലു വരെ 95 സർവിസുകളാണ് ഇന്ത്യൻ നഗരങ്ങളിൽനിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 80 എണ്ണവും കേരളത്തിലെ എയർപോർട്ടുകളിൽനിന്നാണ്. ദുബൈ, അബൂദബി, ദോഹ, കുവൈത്ത്, മസ്കത്ത്, സലാല, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സർവിസുണ്ട്.
എന്നാൽ, ഏറ്റവുമധികം വിമാനങ്ങൾ യു.എ.ഇയിലെ വിമാനത്താവളങ്ങളിലേക്കാണ്. മടങ്ങിയെത്തുന്നവർ 14 ദിവസം ക്വാറൻറീനിൽ നിർബന്ധമായി തുടരേണ്ടി വരും. കോവിഡ് പരിശോധനാഫലം നെഗറ്റിവ് ആണ് എന്ന് കണ്ടെത്തിയ ശേഷമേ ജോലിയിൽ പ്രവേശിക്കാനുമാകൂ. എന്നിരിക്കിലും വലിയ കടമ്പ കടന്നുകിട്ടിയ ആശ്വാസമാണ് പലർക്കും. ടിക്കറ്റ് നിരക്ക് ചൂഷണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
നാട്ടിൽ അവധിയിൽ എത്തിയശേഷം അപ്രതീക്ഷിതമായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇവർ പ്രതിസന്ധിയിലായത്. ഇത്തരത്തിൽ നാട്ടിൽ കുടുങ്ങിപ്പോയവരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രത്യേക അനുമതിയിൽ നേരത്തേതന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചെത്തിച്ചു തുടങ്ങിയിരുന്നു.
എന്നാൽ, മറ്റു ജോലികളിൽ ഉള്ളവർ അപ്പോഴും അനിശ്ചിതമായി നാട്ടിൽ തന്നെ തുടർന്നു. ഗൾഫ് രാജ്യങ്ങൾ ലോക്ഡൗണിലും താരതമ്യേന ജോലിത്തിരക്ക് കുറഞ്ഞ റമദാൻ സീസണിലും ആയിരുന്നതിനാൽ പല സ്ഥാപനങ്ങളും ജീവനക്കാരുടെ അവധി നിയമാനുസൃതമായി ദീർഘിപ്പിച്ചു നൽകിയിരുന്നു. കുടുംബം നാട്ടിൽപെട്ടുപോയവർ, കുടുംബം ഗൾഫിലും ഗൃഹനാഥൻ നാട്ടിലും ആയിപ്പോയ സംഭവങ്ങളും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.