റാസല്‍ഖൈമ: എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം, കൊച്ചി സര്‍വിസുകളില്‍ കിടപ്പ് രോഗികള്‍ക്ക് സ്ട്രെച്ചര്‍ സൗകര്യമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. വാഹനാപകടത്തെത്തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയില്‍ മൂന്നു മാസമായി ചലനമറ്റ് കഴിയുകയാണ് 40 വര്‍ഷമായി യു.എ.ഇയിലുള്ള തിരുവനന്തപുരം സ്വദേശി വിക്രമന് രഘുനാഥന്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറ സഹകരണം ലഭിച്ചെങ്കിലും സ്ട്രെച്ചര്‍ സൗകര്യമില്ലാത്തത് രോഗികളെയും കുടുംബങ്ങളെയും പ്രയാസപ്പെടുത്തുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ ശ്രീധരന് പ്രസാദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
പ്രവര്‍ത്തനങ്ങളില്‍ ചില ക്രമീകരണങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം, കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലെ സ്ട്രെച്ചര്‍ സൗകര്യം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട്ടേക്ക് സ്ട്രെച്ചര്‍ സൗകര്യം നല്‍കാമെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നത്. അവശനിലയിലുള്ള രോഗിയെ കോഴിക്കോട്ടെത്തിച്ച് അവിടെ നിന്ന് തിരുവനന്തപുരത്തെത്തിക്കുന്നത് ആരോഗ്യ സ്ഥിതി വഷളാക്കും. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ് വിക്രമനും കുടുംബവും സ്വപ്നം കാണുന്നത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വിക്രമന് ശസ്ത്രക്രിയയും കഴിഞ്ഞിരുന്നു. ഏറെ കരുതലോടെയുള്ള യാത്ര വേണമെന്ന നിർദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. ഈ വിവരങ്ങള്‍ എയര്‍ ഇന്ത്യ അധികൃതരെ ധരിപ്പിച്ചതായും രോഗികളോടുള്ള യാത്രാ സമീപനത്തില്‍ അനുഭാവപൂര്‍ണമായ നടപടി അടിയന്തരമായി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന് പ്രസാദ് പറഞ്ഞു. മാസങ്ങളായി സഖര്‍ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ജീവനക്കാരും പിതാവിന് നല്കുന്ന ശുശ്രൂഷക്ക് ഏറെ നന്ദിയുണ്ടെന്ന് വിക്രമെൻറ പരിചരണത്തിന് നാട്ടില്‍ നിന്നെത്തിയ മകന് നിഖില്‍ അഭിപ്രായപ്പെട്ടു.
രണ്ട് മാസമായി താന്‍ ഇവിടെയുണ്ട്. കൊല്ലം മെഡിസിറ്റിയിലോ തിരുവനന്തപുരം മെഡിക്കല്‍ കോളജിലോ പിതാവിനെ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നാട്ടിലെത്തിക്കാനുള്ള ശ്രമം.
മെഡിക്കല്‍ റിപ്പോര്‍ട്ടും കോണ്‍സുലേറ്റിെൻറ സഹകരണവും ലഭിച്ചെങ്കിലും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ട്രെച്ചര്‍ സൗകര്യമില്ലാത്തതാണ് ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അധികൃതര്‍ കനിഞ്ഞാല്‍ പിതാവിനെ വൈകാതെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിഖില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.