എയർഇന്ത്യയുടെ പിന്മാറ്റം: കോഴിക്കോട് റൂട്ടിൽ യാത്ര ദുഷ്കരമാക്കും

ഷാർജ: അടുത്ത മാസം 25നുശേഷം ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ സർവിസുകളുടെ ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചത് പ്രവാസികളുടെ യാത്ര കൂടുതൽ ദുരിതമാക്കും. ഷാർജ-കോഴിക്കോട് റൂട്ടിൽ മാർച്ച് 26 മുതൽ എയർ ഇന്ത്യയുടെ വിമാനം സർവിസ് പൂർണമായി നിർത്തുകയും പകരം നിലവിലുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമയം മാറ്റി നിശ്ചയിച്ചിരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. നിലവിൽ എല്ലാ ദിവസവും ഉച്ചക്ക് 12.55ന് ഷാർജയിൽനിന്നു കോഴിക്കോട്ടേക്ക്​ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സർവിസുണ്ട്. എന്നാൽ, മാർച്ച് 26 മുതൽ രാത്രി 12.10ന് പുറപ്പെട്ട് 5.50ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് ഈ സർവിസിന്‍റെ സമയം പുനഃക്രമീകരിച്ചിരുന്നതായി സൈറ്റുകളിൽ കാണിക്കുന്നത്. ഫലത്തിൽ, ഒരു വിമാന സർവിസ് പൂർണമായും പ്രവാസികൾക്ക് നഷ്ടമാകും. ഇത് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്രാനിരക്ക് വർധിക്കുന്നതിന് ഇടവരുത്തും. മാർച്ച് 25 വരെ ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക്​ 350 ദിർഹമും അതിനു ശേഷം അതിന്‍റെ ഇരട്ടിയുമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ഏപ്രിൽ ആദ്യവാരം ദുബൈയിൽനിന്നു കോഴിക്കോട്ടേക്ക് 390 ദിർഹമും ഷാർജയിൽനിന്ന് ഇത് 700 ദിർഹമിനടുത്തുമാണ് ഈടാക്കുന്നത്. ഷാർജ- കോഴിക്കോട് റൂട്ടിൽ ഇൻഡിഗോ എയർലൈൻസിന് ഉണ്ടായിരുന്ന സർവിസ് നേര​ത്തേതന്നെ നിർത്തലാക്കിയിരുന്നു.

രണ്ടു പതിറ്റാണ്ടിലധികം പ്രവാസികൾ നെഞ്ചോടു ചേർത്ത ഇന്ത്യൻ എയർലൈൻസിന്‍റെയും പിന്നീട് അത് എയർ ഇന്ത്യയുടേതുമായി മാറിയ ഈ വിമാനത്തിന്‍റെ പിന്മാറ്റം വലിയ നഷ്ടമാണ് പ്രവാസികൾക്ക് വരുത്തിവെക്കുക. ദുബൈ-കോഴിക്കോട് സർവിസിനെക്കാളും യാത്രക്കാർക്ക് ഹൃദയബന്ധമുള്ളത് ഷാർജ-കോഴിക്കോട് സർവിസിനോടാണ്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും വിദേശ സർവിസ് ആരംഭിച്ചത് മുതൽ തുടരുന്ന സർവിസ്, ഉചിതമായ സമയക്രമം, യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നുള്ളവർ ഒരുപോലെ ആശ്രയിക്കുന്ന വിമാന സർവിസ് എന്നതൊക്കെ അതിന്‍റെ പ്രത്യേകതയാണ്. രണ്ടാഴ്ച മുമ്പ്​ തന്നെ ഈ റൂട്ടിൽ യന്ത്രത്തകരാർ കാരണം വിമാനം തിരിച്ചിറക്കിയപ്പോഴുണ്ടായ പ്രയാസങ്ങൾ ഒഴിച്ചാൽ ഈ സർവിസിനെക്കുറിച്ച് വലിയ പരാതികളൊന്നും യാത്രക്കാർക്ക് ഓർത്തെടുക്കാനില്ല. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലാത്തതും നിലവിൽ ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകൾക്കു പകരംവെക്കാൻ എയർക്രാഫ്റ്റുകൾ ഇല്ലാത്തതും യു.എ.ഇയിൽനിന്നു കോഴിക്കോട്ടേക്കുള്ള സർവിസുകൾ നിർത്തുന്നതിന് കാരണമായി ചില ജീവനക്കാർ നൽകുന്ന സൂചന.

എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട് റൂട്ടിൽ മാർച്ച് 25നുശേഷം ഞായറാഴ്ചകളിൽ ദുബൈയിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഏക സർവിസ് മാത്രമാണ് ബുക്കിങ്​ കാണിക്കുന്നത്. ഇത് ഫലത്തിൽ പ്രവാസികൾക്ക് ഒരു ഉപകാരവും ഇല്ലാതായിത്തീരും. വിമാനം മുടങ്ങിയാലോ അടിയന്തരഘട്ടങ്ങളിൽ തീയതി മാറ്റാനോ ഒരാഴ്ച കാത്തിരിക്കേണ്ട അവസ്ഥ വരും.

ഈ റൂട്ടിൽ എയർ ഇന്ത്യ മാസങ്ങൾക്കു മുന്നേ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മാത്രമാണ് മറ്റു ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കുന്നത്. പെരുന്നാൾ അവധികളും വിദ്യാലയങ്ങളിലെ വേനൽക്കാല അവധിയും മുന്നിൽകണ്ട് കുടുംബങ്ങളടക്കം നിരവധി പേരാണ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തത്. ഈ ടിക്കറ്റുകളെക്കുറിച്ച് എയർ ഇന്ത്യ അറിയിപ്പ്​ നൽകാത്തതിൽ ടിക്കറ്റ് എടുത്തവർ ആശങ്കയിലാണ്. എടുത്ത ടിക്കറ്റ് തുക മുഴുവൻ എയർ ഇന്ത്യ തിരികെ നൽകിയാലും പുതിയ ടിക്കറ്റ് എടുക്കണമെങ്കിൽ വലിയ തുക നൽകേണ്ടതായി വരും.

അതേസമയം, എയർ ഇന്ത്യയുടെ ഈ രണ്ടു സർവിസുകളെക്കുറിച്ചും മാർച്ച്‌ 25നുശേഷം ബുക്കിങ് നിർത്തിവെക്കാൻ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചു എന്നതല്ലാതെ ട്രാവൽ ഏജൻസികൾക്ക് മറ്റൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. എയർ ഇന്ത്യയുടെ ഓഫിസുകളിൽ അന്വേഷിക്കുമ്പോഴും സർവിസ് നിർത്തിയതായി അറിയിപ്പൊന്നും ലഭിച്ചില്ലെന്നും നിലവിൽ ടിക്കറ്റ് എടുത്തവർക്ക് ആ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നുമാണ് യാത്രക്കാർക്ക് മറുപടി ലഭിക്കുന്നത്. ഈ രണ്ടു സർവിസുകളും തുടരുകയോ ടിക്കറ്റ് മുൻകൂട്ടി എടുത്തവർക്ക് പകരം സംവിധാനം എയർ ഇന്ത്യതന്നെ ചെയ്തുതരുകയോ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Tags:    
News Summary - Air India's withdrawal: Will make travel difficult on Kozhikode route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.