ദുബൈ: എയർ കേരള വിമാന സർവിസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഉടമകളായ സെറ്റ് ഫ്ലൈ ഏവിയേഷൻ ഡൽഹിയിൽ വ്യോമയാന മന്ത്രി കിന്നാരപ്പു രാംമോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി.
ഡി.ജി.സി.എ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. എയർകേരളക്ക് സർക്കാറിന്‍റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകിയതായി ചെയർമാൻ അഫി അഹ്‌മദ് പറഞ്ഞു.
എയർ കേരള ഡോട്ട് കോം ഇന്ത്യൻ വ്യോമയാന മേഖലയിൽ പുത്തൻ ഉണർവ് നൽകുമെന്നും സി.ഇ.ഒ ആയി ചുമതലയേറ്റ ഹരീഷ് കുട്ടിയുടെ 35 വർഷം നീണ്ട പരിചയം ഇതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
30 വർഷത്തോളമായി ട്രാവൽ ടൂറിസം മേഖലയിലുള്ള അഫി അഹ്‌മദിന്‍റെ പരിചയ സമ്പത്ത് ടൂറിസം മേഖലക്ക് കൂടുതൽ സംഭാവന നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള പദ്ധതികൾ വിശദമായി മന്ത്രിയുമായി ചർച്ച ചെയ്തതായി സി.ഇ.ഒ ഹരീഷ് കുട്ടി അറിയിച്ചു. എയർ കേരള ഡോട്ട് കോം സി.ഇ.ഒ ആയി ഹരീഷ് കുട്ടിയെ പോലെ ഒരാളെ നിയമിക്കാൻ പറ്റിയത് ഏറെ പ്രതീക്ഷയും സന്തോഷവുമാണ് നൽകുന്നതെന്ന് അഫി അഹ്‌മദ് പറഞ്ഞു.
പാസഞ്ചർ സർവിസുകൾക്ക് പുറമെ കാർഗോ സാധ്യതകളെ ക്കുറിച്ചും, നിത്യോപയോക സാധനങ്ങൾ ഉൾപ്പെടെയുള്ള ചരക്കുനീക്ക സാധ്യതകളെക്കുറിച്ചും പഠിച്ചുവരുകയാണെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട വിശദീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് എയർ കേരള ഡോട്ട് കോം സി.ഇ.ഒ ഹരീഷ് കുട്ടിയെ സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.