ദുബൈ: വിദേശ രാജ്യങ്ങളിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് എയർസുവിധയിലുണ്ടായിരുന്ന ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരും നോർക്കയും കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എയർ സുവിധക്കുമാണ് കത്തയച്ചത്. ഇത് സംബന്ധിച്ച് 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രവാസികളുടെ അവസ്ഥ മനസിലാക്കി കേന്ദ്ര സർക്കാർ വേഗം ഇളവ് പുനസ്ഥാപിക്കണമെന്ന് നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ ആവശ്യപ്പെട്ടു. പുതിയ അപ്ഡേഷൻ വന്നപ്പോൾ വിട്ടുപോയതാവാമെന്നും ഉടൻ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയിൽ ഏർപ്പെടുത്തിയ പ്രത്യേക ഓപ്ഷനാണ് വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ, മരണം പോലുള്ളവക്ക് നാട്ടിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി എയർ സുവിധയിൽ അപ്ലോഡ് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒക്ടോബർ 20 മുതലാണ് ഈ ഓപ്ഷൻ ഒഴിവാക്കിയത്.
വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവർ യാത്രക്ക് മുൻപ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ നിബന്ധന. എന്നാൽ, അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടായിരുന്നു.
പകരം, എയർസുവിധയുടെ സൈറ്റിൽ എക്സംപ്ഷൻ എന്ന ഭാഗത്ത് മരണ സർട്ടിഫിക്കറ്റ് അടക്കം അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. ഇതാണ് ഒഴിവാക്കിയത്. പല രാജ്യങ്ങളിലും പത്ത് മണിക്കൂറിലേറെ വേണം ഫലം ലഭിക്കാൻ. 24 മണിക്കൂർ വരെയാണ് ആശുപത്രി അധികൃതർ പറയുന്ന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.