ദുബൈ: അടുത്ത വർഷം യു.എ.ഇയിൽ എയർ ടാക്സി സർവിസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന ആർച്ചർ ഏവിയേഷൻ നിർമിച്ച ആദ്യ വിമാനം മൂല്യനിർണയത്തിനായി യു.എസ് വ്യോമസേനക്ക് കൈമാറി. വിമാനത്തിന്റെ സൈനിക വ്യോമയോഗ്യത വിലയിരുത്തൽ റിപോർട്ട് യു.എസ് പ്രതിരോധ ഡിപാർട്ട്മെന്റ് അടുത്തിടെ അംഗീകരിച്ചിരുന്നു. വിമാനം പറക്കാൻ സജ്ജമാണെന്നതിനുള്ള നിർണായകമായ അനുമതിയാണിത്. യു.എസ്. സർക്കാർ നിർദേശിക്കുന്ന പരിശോധന നടത്താനും ഇത് യു.എസ് വ്യോമസേനയെ അനുവദിക്കും. വെർട്ടിക്കൽ ടേക്ക് ഓഫും ലാന്റിങ്ങും കഴിയുന്ന ഇലക്ട്രിക് പവർ ട്രെയിനും ശബ്ദം കുറഞ്ഞ പ്രൊഫൈലുമുള്ള ആർച്ചറിന്റെ എയർക്രാഫ്റ്റുകൾ സൈനിക വ്യോമ ഓപറേഷനുകൾക്ക് ഏറ്റവും യോജിച്ചതാണെന്നാണ് യു.എസ് വ്യോമസേനയുടെ വിലയിരുത്തൽ.
എയർ ടാക്സി നിർമാണത്തിനും അബൂദബിയിൽ അന്താരാഷ്ട്ര തലസ്ഥാനം സ്ഥാപിക്കുന്നതിനുമായി അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറിൽ ഈ വർഷം തുടക്കത്തിൽ ആർച്ചർ ഏവിയേഷൻ ഒപ്പുവെച്ചിരുന്നു. വൈദ്യുതി ഊർജത്തിൽ പ്രവർത്തിക്കുന്ന വിമാനമാണ് ആർച്ചർ വികസിപ്പിക്കുന്നത്. ആർച്ചറിന് തന്നെയാണ് ഇതിന്റെ പ്രവർത്തന ചുമതലയും. എയർ ടാക്സി സർവിസ് ആരംഭിക്കുന്നതോടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്ര സമയം 60 മുതൽ 90 മിനിറ്റിൽ നിന്ന് 10 മുതൽ 20 മിനിറ്റായി കുറയും. 800 മുതൽ 1500 ദിർഹമാണ് യാത്ര ചെലവ് കണക്കാക്കുന്നത്. എമിറേറ്റിനുള്ളിൽ യാത്ര ചെയ്യാനുള്ള ചെലവ് ഏതാണ്ട് 350 ദിർഹമായിരിക്കുമെന്നാണ് സൂചന.
അടുത്ത ഒരു വർഷത്തിനുള്ളിൽ എയർ ടാക്സി യു.എ.ഇയുടെ ആകാശത്ത് പറന്ന്നടക്കുമെന്ന് ആർച്ചർ ഏവിയേഷൻ ചീഫ് കൊമേഴ്സ്യൽ ഓഫിസർ നിഖിൽ ഗോയൽ പറഞ്ഞു. എയർ ടാക്സി യാഥാർഥ്യമാകുന്നതോടെ യു.എ.ഇയുടെ യാത്ര ഗതാഗത രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.