ദുബൈക്ക്​ മുകളിൽ എയർ ടാക്സികൾ പറക്കും

ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിലാണ്​ ദുബൈ. ഈ കുതിപ്പിന്​ വേഗത പകരാൻ ടൂറിസ്റ്റുകൾക്കായി എയർ ടാക്സികൾ ഒരുക്കുന്ന തിരക്കിലാണ്​ ദുബൈ. 2026ഓടെ ദുബൈ നഗരത്തിന്​ മുകളിലൂടെ ടൂറിസ്റ്റുകൾക്ക്​ എയർ ടാക്സിയിൽ പറന്ന്​ നടന്ന്​ കാഴ്ചകൾ ആസ്വദിക്കാം. ഡ്രൈവർ പോലും ആവശ്യമില്ലാത്ത എയർ ടാക്സികളായിരിക്കും ഇതെന്നാണ്​ സൂചന. ആദ്യത്തെ ഇലക്​ട്രിക്​ എയർ ടാക്സികൾ പാമിലെ അറ്റ്​ലാന്‍റിസിൽ നിന്നായിരിക്കും ടൂറിസ്റ്റുകളുമായി പറന്നുയരുക. ഇത്​ സംബന്ധിച്ച കരാറിൽ ഈവ്​ ഹോൾഡിങും ഫാൽകൺ ഏവിയേഷൻ സർവീസസും ഒപ്പുവെച്ചു.

യു.എ.ഇയിൽ എയർ മൊബിലിറ്റി വൈബുണ്ടാക്കുക എന്നതാണ്​ ലക്ഷ്യം. ഇക്കാര്യത്തിൽ ലോകത്തിന്​ തന്നെ ദുബൈ നഗരം മാതൃകതയാകും. സ്മാർട്ട്​ ദുബൈ പദ്ധതിക്ക്​ പിന്തുണ നൽകുന്നതായിരിക്കും എയർ ടാക്സികൾ.

ദുബൈ നഗരത്തിലൂടെ ആരുടേയും സഹായമില്ലാതെ പറക്കാൻ എയർ ടാക്സികൾ സഹായിക്കും. എത്ര ദൂരം വരെയായിരിക്കും സർവീസ്​ എന്ന കാര്യത്തിൽ വ്യക്​തതായിട്ടില്ല. ഡ്രോണ്‍ ടാക്സികള്‍ സംബന്ധിച്ച നിബന്ധനകള്‍ തയ്യാറാക്കാന്‍ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ചട്ടങ്ങൾ തയാറാക്കുന്നുണ്ട്​. വ്യോമപരിധി, ഉയരം എന്നീ കാര്യങ്ങള്‍ പരിശോധിച്ചായിരിക്കും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക. ഡ്രോണുകളുടെ രജിസ്ട്രേഷന്‍, പരിധിയും നിയന്ത്രണവും, ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്​. ടാക്സികളുടെ പൈലറ്റ്, കണ്‍ട്രോളര്‍, ക്രൂ അംഗങ്ങള്‍ എന്നിവയെ കുറിച്ചും തീരുമാനമെടുക്കും. വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനമുണ്ടായിരിക്കില്ല. എവിടേക്കേല്ലാം സഞ്ചരിക്കാമെന്നതിന് ഇലക്ട്രോണിക് മാപ്പ് തയ്യാറാക്കും. വിമാനങ്ങൾ ഉൾപെടെയുള്ള വ്യോമഗതാഗതത്തെ ബാധിക്കാത്ത വിധമായിരിക്കും പദ്ധതി തയാറാക്കുക.

എയർ ടാക്സികൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ടെങ്കിലും ടൂറിസം മാത്രം ലക്ഷ്യമിട്ട്​ എയർ ടാക്സികൾ സർവീസ്​ നടത്തുന്നത്​ അപൂർവമാണ്​. മാത്രമല്ല, പൈലറ്റിന്‍റെ സഹായത്തോടെയാണ്​ ഭൂരിപക്ഷവും പ്രവർത്തിക്കുന്നത്​. ഇതിൽ നിന്ന്​ വ്യത്യസ്തമായി ഡ്രൈവറില്ലാതെ ടൂറിസത്തിനായിട്ടായിരിക്കും ദുബൈയിലെ എയർ ടാക്സികൾ പറക്കുക. ഡ്രൈവറില്ലാ വാഹനങ്ങളുടെ വലിയൊരു ശ്രേണി തന്നെ ദുബൈയിൽ ഒരുങ്ങുന്നുണ്ട്​. ഓൺലൈൻ ഡെലിവറിക്ക്​ മനുഷ്യന്​ പകരം ആളില്ലാ വാഹനങ്ങൾ ഉപയോഗിക്കുന്നത്​ പരിഗണനയിലുണ്ട്​. ദുബൈ സിലിക്കൺ ഒയാസീസിൽ ഇതിന്‍റെ പരീക്ഷണ ഘട്ടം നടത്തി വിജയിച്ചിരുന്നു. ചില കമ്പനികളെ ഇതിന്‍റെ തുടർ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കുകകയും ചെയ്തിട്ടുണ്ട്​.

ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക വിമാനത്താവളം നിർമിക്കുന്നതും പരിഗണനയിലുണ്ട്​.

Tags:    
News Summary - Air taxis will fly over Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.