വിമാനത്താവള കോവിഡ് പരിശോധന: സമയവും പണവും നഷ്ടമായി യാത്രക്കാർ

അജ്മാന്‍: ഇന്ത്യൻ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനക്കെതിരെ പരാതിയുമായി കൂടുതൽ പ്രവാസികൾ. കൃത്യതയും വേഗതയും വാഗ്ദാനം ചെയ്യുന്നതാണ് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനകള്‍. എന്നാൽ, പലപ്പോഴും പുറത്ത്​ ​പരിശോധന നടത്തുമ്പോൾ നെഗറ്റിവും വിമാനത്താവളത്തിലെ പരിശോധന പോസിറ്റിവുമാകുന്നതിലെ മറിമായം പിടികിട്ടാതെ ഉഴലുകയാണ്​ യാത്രക്കാർ. യു.എ.ഇയിലേക്ക്​ യാത്രചെയ്യാൻ നാലുമണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പരിശോധന ഫലം നിർബന്ധമാണ്​. ഇതിനുപുറമെ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലവും വേണം. എന്നാല്‍, പുറത്തുനിന്ന് നെഗറ്റിവ് റിസൽട്ടുമായി വന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പോസിറ്റിവ് ആകുന്ന സാഹചര്യത്തില്‍ യാത്ര മുടങ്ങുന്ന അവസ്ഥയുണ്ട്​. പോസിറ്റിവ് ആകുന്ന വ്യക്തികളെ ആംബുലന്‍സി‍െൻറ സഹായത്തോടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഹോം ക്വാറന്‍റീനിലേക്ക് വിടുകയും അല്ലാത്തവര്‍ക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുകയുമാണ് പതിവ്.

എന്നാല്‍ വിമാനത്താവളങ്ങളില്‍നിന്ന് പോസിറ്റിവ് ആയി ഹോം ക്വാറൻറീനിലേക്ക് വിട്ട യാത്രക്കാര്‍ സംശയത്തി‍െൻറ ബലത്തില്‍ പുറത്ത് നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയ സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞമാസം കേരളത്തിലെ വിമാനത്താവളത്തില്‍ എത്തി 2490 രൂപ നല്‍കി പരിശോധന നടത്തിയ ഉസ്മാന്‍ എന്ന പ്രവാസിക്ക് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ഹോം ക്വാറന്‍റീനിലേക്ക് അയക്കപ്പെട്ട ഇദ്ദേഹം പരിശോധന നടത്തിയ അതേ സ്ഥാപനത്തി‍െൻറ വിമാനത്താവളത്തിനു പുറത്തുള്ള ലാബില്‍ ടെസ്റ്റ്‌ ചെയ്തപ്പോള്‍ നെഗറ്റിവ് ആയി. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യാന്‍ വന്നവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രവാസിക്ക് ജോലി സംബന്ധമായ പ്രതിസന്ധികള്‍ കൂടാതെ വലിയ സാമ്പത്തികനഷ്ടം കൂടിയാണ് വരുന്നത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നവരില്‍ ഒരാള്‍ക്ക് പോസിറ്റിവ് റിസൽട്ട്​ വരുന്നപക്ഷം മൊത്തം പേരുടെയും യാത്രക്ക് തടസ്സം നേരിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പോസിറ്റിവ് ആകുന്നതിനെ തുടര്‍ന്ന് യാത്രാവിലക്ക് വരുന്നവര്‍ക്ക് ചില വിമാനക്കമ്പനികള്‍ ഒരു വര്‍ഷത്തിനകം യാത്രചെയ്യാവുന്ന ട്രാവല്‍ വൗച്ചര്‍ നല്‍കുന്നുണ്ടെങ്കിലും ചില വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് വേറെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ്. ഇത്തരം യാത്രക്കാര്‍ക്ക് പുറത്തുനിന്നുള്ള ടെസ്റ്റ്‌, വിമാനത്താവളത്തിലെ ടെസ്റ്റ്‌, ടിക്കറ്റ്, യാത്രാചെലവ് തുടങ്ങിയവയടക്കം വലിയൊരു തുകയാണ് നഷ്ടം സംഭവിക്കുന്നത്. കഴിഞ്ഞദിവസം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ താമരശ്ശേരിയുടെ യാത്രക്കിടെ വിമാനത്താവള ടെസ്റ്റ്‌ പോസിറ്റിവ് ആയതിനെ തുടര്‍ന്നാണ്‌ ഈ വിഷയം വലിയ തോതില്‍ ചര്‍ച്ചയായത്. ഇതിനോടനുബന്ധിച്ച് പ്രവാസലോകത്തെ ഒരു കൂട്ടായ്മ സമൂഹമാധ്യമത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിരവധി പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലെ സമാനമായ തിക്താനുഭവങ്ങള്‍ പങ്കുവെച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴി​െല കോഴിക്കോട് വിമാനത്താവളത്തില്‍ ടെസ്റ്റ്‌ നിരക്ക് കുറക്കാന്‍ തയാറായപ്പോഴും കേരളത്തിലെ മറ്റു മൂന്നു വിമാനത്താവളങ്ങളും നിരക്ക് കുറക്കാന്‍ തയാറാകാത്തത് പ്രവാസി സമൂഹത്തി‍െൻറ വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനകള്‍ക്കുണ്ടാകുന്ന പാകപ്പിഴവുകള്‍ പ്രവാസികളെ വലിയതോതിലാണ് സാമ്പത്തികമായും സാമൂഹികവുമായി ബാധിക്കുന്നത്.    

Tags:    
News Summary - Airport Covid Inspection: Passengers lost time and money; More people with complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.