അജ്മാൻ: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അൽ മുറബ്ബ ആർട്സ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കം. വിവിധ കലാരൂപങ്ങള്‍, സർഗാത്മക രൂപകൽപനകൾ, യുവ പ്രതിഭകൾ എന്നിവരെ ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് അജ്മാൻ ടൂറിസം വികസന വകുപ്പ് മേള സംഘടിപ്പിക്കുന്നത്.
അജ്മാൻ കോർണിഷിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ‘മുറബ്ബ ടവറി’ന്റെ പേരിലാണ് ഉത്സവം അറിയപ്പെടുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ തത്സമയ ചിത്രരചന വർക്ക്ഷോപ്പുകൾ ഉൾപ്പെടെ വിവിധ കല -സാംസ്കാരിക പ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറും.
സന്ദർശകർക്ക് കലാകാരന്മാരെ കാണാനും അവരുമായി ഇടപഴകാനും അവരുടെ കലാസൃഷ്ടികൾ ആസ്വദിക്കാനും വാങ്ങാനും മേള അവസരം നൽകുന്നു. ഖാലിദ് ബിൻ ഖാദിം, അമ്മാർ അൽ ഹല്ലാഖ്, സാമിയ ഇബ്രാഹീം അബ്ദുല്ല തുടങ്ങിയ സംഗീതജ്ഞരുടെ സംഗീത പ്രകടനങ്ങൾക്ക് പുറമേ ലേസർമാൻ ബാൻഡിന്റെ ലേസർ, നിയോൺ, ബബിൾ ഷോകൾ, ഫോർമാനോസ് ബാൻഡിന്റെ സംഗീത പ്രകടനങ്ങൾ, ജനപ്രിയ ബാൻഡുകളും ഡിജെകളും പങ്കെടുക്കുന്ന മറ്റു പ്രകടനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളും പ്രകടനങ്ങളും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും.
ഡിസംബർ 14ന് കലാ കച്ചേരികളും ഫെസ്റ്റിവലിൽ നടക്കും. ചിത്രരചന, ശിൽപം, ഫോട്ടോഗ്രഫി തുടങ്ങിയ വിവിധ മേഖലകളിൽനിന്നുള്ള 200 കലാകാരന്മാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16ന് മേള അവസാനിക്കും.
അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. സാംസ്കാരികവും കലാപരവുമായ പരിപാടികൾ, വ്യതിരിക്തമായ കലാസൃഷ്ടികളുടെ പ്രദർശനങ്ങള്‍ എന്നിവ മേളക്ക് അലങ്കാരമാകും.
ശിൽപശാലകൾ, സംഗീത കച്ചേരികൾ, വിനോദ പരിപാടികൾ എന്നിവക്ക് പുറമെ അമൂല്യ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന വേദി സവിശേഷമായ അനുഭവം സമ്മാനിക്കുമെന്ന് അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.