അബൂദബി: മേഖലയിലെ തന്നെ ഏറ്റവും വലിയ മരുഭൂ ഉത്സവമായ ലിവ അന്താരാഷ്ട്ര ഫെസ്റ്റിവലിന് അല്‍ ദഫ്റയില് തുടക്കമായി. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പും ലിവ സ്പോര്‍ട്സ് ക്ലബുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി കായിക, വിനോദ, സാംസ്കാരിക പരിപാടികള്‍ നടക്കും.
മേഖലയിലെ ഏറ്റവും ഉയരമുള്ളതും വെല്ലുവിളി നിറഞ്ഞതുമായ മുറീബ് മണല്‍ക്കൂനയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ സാഹസികവും സാംസ്കാരികവും വിനോദവും സമന്വയിപ്പിച്ച പരിപാടികളുണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
മോണ്‍സ്റ്റര്‍ ജാം ചാമ്പ്യന്‍ഷിപ്, കാര്‍ അഭ്യാസ മത്സരങ്ങള്‍, ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം, ഒട്ടക ഓട്ടമത്സരം, ഫാല്കണ്റി, കുതിരയോട്ടം, പ്രാവ് വേട്ട, വെടിവെപ്പ് മത്സരങ്ങള്‍, ലൈവ് സംഗീത നിശകള്‍ തുടങ്ങി ആവേശം പകരുന്ന പരിപാടികളാണ് ഫെസ്റ്റിവലില്‍ ഉണ്ടാവുക.
സന്ദര്‍ശകര്‍ക്കായി മരുഭൂമിയില്‍ ആഡംബര ക്യാമ്പിങ് സൗകര്യമടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. പൊതുവായ ഇടങ്ങളില്‍ സ്വന്തമായി ക്യാമ്പ് കെട്ടാനുള്ള സാമഗ്രികള്‍ കൊണ്ടുവന്ന് തമ്പടിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കരകൗശല വസ്തുക്കളുടെ വില്പന ശാലകളും ഇമാറാത്തി ഭക്ഷണം ലഭ്യമാക്കുന്ന ഭോചനശാലകളുമുണ്ടാവും.
2025 ജനുവരി നാലിനാണ് ഫെസ്റ്റിവലിന് കൊടിയിറങ്ങുക. ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് അല്‍ദഫ്റ റീജ്യന് പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹംദാന്‍ സെയിഫ് അല്‍ മന്‍സൂരി പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് ഗതാഗതം പൊലീസ് നിരീക്ഷിക്കുകയും ഗതാഗത നിയമം ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മണൽക്കാട്ടിലെ അനേകം വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നതാണ് ലിവ ഫെസ്റ്റിവൽ. ക്യാമ്പ് ചെയ്യാന്‍ താല്പര്യമുള്ളവര്, സാഹസിക പ്രേമികള്‍, പരമ്പരാഗത കായിക ഇനങ്ങള്‍, റേസിങ്, മോട്ടോര്‍സൈക്കിള്‍ മത്സരങ്ങള്‍ തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ക്കും മേള മികച്ച അനുഭവം സമ്മാനിക്കും.
കരിമരുന്ന് പ്രകടനങ്ങള്‍, ലൈവ് സംഗീത പരിപാടികള്‍, മരുഭൂമിയിലെ വ്യത്യസ്തങ്ങളായ വിനോദപരിപാടികളും ഇവിടെയുണ്ടാവും. കരകൗശലവസ്തുക്കളുടെ വില്പന, സര്‍ഗാത്മ ശില്പശാലകള്, ഇമാറാത്തി ഉല്പന്നങ്ങളുടെ വ്യാപാരം, കുട്ടികളുടെ കളിയിടങ്ങള്‍, വ്യത്യസ്ത രുചികളോടുകൂടിയ വിഭവങ്ങളുടെ വില്പന, ആഡംബരവും അല്ലാത്തതുമായ മരുഭൂമിയിലെ ടെന്റ് താമസ സൗകര്യം തുടങ്ങി സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് മേളയില്‍ കാത്തിരിക്കുന്നത്.
ലിവ വില്ലേജ് ഏരിയയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ സംഗീതപരിപാടികളും ഭക്ഷ്യവിഭവങ്ങളും വിനോദപരിപാടികളും ത്രില്ലര്‍ മോട്ടോര്‍സ്പോര്‍ട്സ് മത്സരങ്ങളുമൊക്കെ ഏറെ ആവേശകരമാണ്. ഈ ഗണത്തിൽപ്പെടുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍. മോട്ടോര്‍സ്പോര്‍ട്സ് മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ഫെസ്റ്റിവലിലെ പ്രധാന സ്റ്റേജില്‍ സമ്മാനം നല്‍കും. 50 ഡിഗ്രി ചരിഞ്ഞ മണല്ക്കൂനകളില് കയറാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.