അബൂദബി: സിറിയയിലെ പ്രതിസന്ധി സംബന്ധിച്ച് വിദേശ രാജ്യങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. റഷ്യ, ഖത്തർ, ഈജിപ്ത്, ജോർഡൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഫോണിൽ ചർച്ച ചെയ്തത്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ, സിറിയയിലെ യു.എൻ പ്രത്യേക ദൂതൻ ഗീർ പെഡേഴ്സന്റെ പ്രവർത്തനം സജീവമാക്കേണ്ടതിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി. സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവക്കായുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പിലെത്താൻ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം പാലിക്കേണ്ടതിന്റെയും നടപ്പാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായുള്ള ചർച്ചയിലും സിറിയയുടെ ഐക്യവും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെയും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം വിഷയമായി.
ഈജിപ്ഷ്യൻ വിദേശകാര്യ, കുടിയേറ്റ മന്ത്രി ഡോ. ബദർ അബ്ദുൽ ആറ്റി, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, മൊറോക്കൻ പ്രധാനമന്ത്രി നാസർ ബൗറിറ്റ എന്നിവരുമായും ശൈഖ് അബ്ദുല്ല സിറിയൻ വിഷയം ചർച്ച ചെയ്തു.
സിറിയയുടെ ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിൽ, വിവേകത്തിന് മുൻഗണന നൽകാൻ പാർട്ടികൾ തയാറാകണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും യു.എ.ഇ വിദേശകാര്യ മന്ത്രി സിറിയൻ വിഷയം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.