ദുബൈ: ശൈത്യകാലത്തേക്ക് പ്രവേശിക്കാനൊരുങ്ങി യു.എ.ഇ. വരും ആഴ്ചകളിൽ 12 ഡിഗ്രി സെൽഷ്യസായി താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ജനുവരി 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള കാലയളവായിരിക്കും. വാരാന്ത്യത്തിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
യു.എ.ഇയിലുടനീളമുള്ള താപനില പകൽ 24നും 25നും ഇടയിലായിരിക്കും. രാത്രിയോടെ ഇത് 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
വാരാന്ത്യ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമോ ഇടവിട്ട് മേഘാവൃതമോ ആയിരിക്കും. അൽഐൻ പോലുള്ള കിഴക്കൻ പ്രദേശങ്ങളിലും റാസൽ ഖൈമ പോലുള്ള വടക്കൻ പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റുവീശും. പകൽ സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഡിസംബർ 22നാണ് യു.എ.ഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ അനുസരിച്ച്, ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ‘അൽ മേരി അർബ’, ‘അൽ അഖ്റാബി അർബ’ എന്നിവയാണിത്. ഓരോ കാലഘട്ടവും 40 ദിവസം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.