അജ്മാന്: യു.എ.ഇയിലെ പ്രമുഖ ഇസ്ലാമിക് ബാങ്കുകളിലൊന്നായ അജ്മാൻ ബാങ്ക് ഗൂഗ്ൾ പേ സംവിധാനമൊരുക്കുന്നു. ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പേമെന്റ് അനുഭവം ആസ്വദിക്കാൻ ഇതുവഴി സാധിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആൻഡ്രോയ്ഡ്, വെയർ ഒ.എസ് എന്നിവയിൽ പ്രവർത്തിക്കുന്ന ആപ് വഴി ഗൂഗ്ള്‍ പേ ഡിജിറ്റൽ പേമെന്റ് സേവനം ലഭ്യമാകും. ഇതിനായി കാർഡ് ഉടമകൾ അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് വിവരങ്ങൾ ഗൂഗ്ള്‍ വാലറ്റ് ആപ്പിൽ നൽകണം.
ഫോണുകളും സ്മാർട്ട് വാച്ചുകളും ഉപയോഗിച്ച് പണമടക്കാനും തടസ്സമില്ലാത്ത ബാങ്കിങ് അനുഭവം നൽകുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അജ്മാൻ ബാങ്ക് റീട്ടെയിൽ ബാങ്കിങ് സർവിസസ് മേധാവി ഫൈസൽ കുണ്ടില്‍ വ്യക്തമാക്കി. ഗൂഗ്ള്‍ പേ ഇടപാടുകൾക്കായി ഉപഭോക്താക്കൾ അവരുടെ ഡിജിറ്റൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണം. തുടർന്ന് ഗൂഗ്ള്‍ പ്ലേ സ്റ്റോറിൽനിന്ന് ഗൂഗ്ള്‍ വാലറ്റ് ആപ് ഡൗൺലോഡ് ചെയ്യുകയും കാർഡ് വിശദാംശങ്ങൾ നേരിട്ടോ സ്കാൻ ചെയ്തോ നൽകുകയും വേണം.ഈ ഫീച്ചർ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ഒറ്റത്തവണ പിൻ നമ്പർ നൽകേണ്ടതുമുണ്ട്.
നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി സ്റ്റാൻഡേഡ് കോഡിങ് ഉൾപ്പെടെ ഉപകരണത്തിന് പ്രത്യേകമായ ഒരു വെർച്വൽ കാർഡ് നമ്പർ (ടോക്കൺ) ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. ഓരോ ഇടപാടിലും മാറുന്ന ഡൈനാമിക് സെക്യൂരിറ്റി കോഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഗൂഗ്ള്‍ പേ ഫീച്ചറിന് ഒന്നിലധികം തലത്തിലുള്ള സുരക്ഷയും പരിരക്ഷയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗ്ൾ പേ ആപ് അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ‘ഫൈൻഡ് മൈ ഡിവൈസ്’ ഉപയോഗിച്ച് എവിടെവെച്ചും അതിവേഗത്തിൽ ഉപകരണം ലോക് ചെയ്യാനാവും. കൂടാതെ പുതിയ പാസ്വേഡ് നിർമിച്ച് സുരക്ഷിതമാക്കാനും വ്യക്തിപരമായ വിവരങ്ങൾ മായ്ച്ചുകളയാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.