അജ്മാന്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അജ്മാനിൽ നിരോധനം. എമിറേറ്റിലെ എല്ലാ ഷോപ്പിങ് സെന്ററുകളിലും സെയിൽസ് ഔട്ട്ലെറ്റുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് അജ്മാന് നഗരസഭ ആസൂത്രണവകുപ്പ് നിരോധിച്ചു. രാജ്യത്തെ വിപണികളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2022ല്‍ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചാണ് നടപടി.
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് ഹാനികരമായ മാലിന്യമാകുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ഉത്തരവ് നടപ്പാക്കാന്‍ മൂന്നുമാസ കാലയളവ് അനുവദിക്കുമെന്നും നഗരസഭ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 80070 എന്ന ഹോട്ട്ലൈൻ വഴി അന്വേഷണങ്ങൾ നടത്താമെന്നും വകുപ്പ് കൂട്ടിച്ചേർത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് ദുബൈയിലും ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽവന്നിരുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനും നിരോധനം ഏർപ്പെടുത്തി. 2023ന്റെ തുടക്കത്തിൽ മുഴുവൻ എമിറേറ്റുകളിലും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ജനുവരി മുതൽ ഓരോ എമിറേറ്റും തുടർനടപടി സ്വീകരിച്ചു വരുകയാണ്.
പരിസ്ഥിതി സൗഹൃദനടപടികളുടെ ഭാഗമായി രാജ്യത്ത് പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും വിപണനവും ഘട്ടംഘട്ടമായി നിരോധിക്കാനാണ് യു.എ.ഇ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി
2025 മുതൽ ടേബിൾ കവർ, കപ്പുകൾ, സ്റ്റിറോഫോം ഫുഡ് കണ്ടെയ്നർ, പ്ലാസ്റ്റിക് സ്ട്രോകൾ, കോട്ടൻ ബഡ്സ്, പ്ലാസ്റ്റിക് സ്റ്റിറേഴ്സ് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും നിരോധിക്കും. പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബ്ൾ വിരികൾ, കുടിവെള്ള കുപ്പികൾ അവയുടെ മൂടികൾ എന്നിവ 2026 മുതൽ നിരോധിക്കാനാണ് തീരുമാനം. നിയമം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.