ലൈസൻസുകളിൽ കുതിച്ച്​ അജ്​മാൻ

അടിസ്ഥാന വികസന സൗകര്യങ്ങളില്‍ വന്‍നേട്ടം കൈവരിച്ചതോടെ അജ്മാനില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണത്തില്‍ വർധനവ് രേഖപ്പെടുത്തി. അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് പുറത്തിറക്കിയ പുതിയ കണക്കുകളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ലൈസന്‍സ് എടുത്തവരുടെ എണ്ണത്തില്‍ 13 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 2023 ലെ ഒന്നാം പാദത്തിൽ 1,483 പുതിയ ലൈസൻസുകൾ അനുവദിച്ചതായി അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇറക്കുമതി, കയറ്റുമതി, പെർഫ്യൂമുകൾ, പൊതു വ്യാപാരം, സ്ത്രീകളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം എന്നിവ ഈ കാലയളവിൽ അജ്മാനിൽ നൽകിയ ഏറ്റവും പുതിയ വാണിജ്യ ലൈസൻസുകളിൽ ഉൾപ്പെടുന്നു.

2023ല്‍ നൽകിയ പുതിയ പ്രൊഫഷനൽ ലൈസൻസുകളിൽ റെസ്റ്റാറന്‍റുകൾ, ഭക്ഷണ വിൽപന, കെട്ടിട പരിപാലനം, ബാർബർഷോപ്പുകൾ, തയ്യൽ, വസ്ത്രനിർമ്മാണം എന്നിവയും ഉൾപ്പെടുന്നു. ലൈസൻസുകൾ പുതുക്കുന്നതിനുള്ള നീക്കവും ഈ കാലയളവില്‍ 3 ശതമാനം വർദ്ധിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിവിധയിടങ്ങളിലായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അജ്മാനിലേക്ക് ആകര്‍ഷിക്കുന്നതിന് ആക്കംകൂട്ടും. അജ്മാനിലെ പ്രധാന പാതയായ ഇത്തിഹാദ് സ്ട്രീറ്റില്‍ 7.16 കോടി ദിര്‍ഹം ചിലഴിച്ച് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന ഒക്ടോബറോടെ പൂര്‍ത്തിയാകും. രണ്ട് പുതിയ പാലങ്ങളാണ് ഈ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അജ്മാനിലെ വ്യാവസായിക മേഖലയിലേക്ക് വേഗത്തില്‍ എത്തിപ്പെടാനും തിരിച്ചുമുള്ള ഗതാഗത സൗകര്യങ്ങള്‍ക്ക് പുതിയ പാലം ഏറെ വേഗം നല്‍കും. ഈ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളില്‍ ഇനിയും പുതിയ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പേര്‍ വന്നെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പുതിയ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ പുതിയ സംരംഭകര്‍ക്ക് അജ്മാനില്‍ നിക്ഷേപമിറക്കാന്‍ താല്പര്യം വര്‍ദ്ധിക്കുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Tags:    
News Summary - Ajman has seen an increase in the number of people starting new businesses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.