അജ്മാന്: ഏഴാമത് അജ്മാന് ലിവ ഈത്തപ്പഴ മേളക്ക് വെള്ളിയാഴ്ച തുടക്കമാകും. അജ്മാനിലെ വിനോദ സഞ്ചാര വികസന വകുപ്പ് സംഘടിപ്പിക്കുന്ന മേള ഞായറാഴ്ച വരെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് ലിവ അജ്മാന് ഡേറ്റ്സ് ആൻഡ് ഹണി ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഈ വർഷത്തെ പതിപ്പില്‍ 400ലധികം സ്റ്റാളുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഉത്സവാന്തരീക്ഷത്തിൽ മൂന്ന് ദിവസം നീളുന്ന മേളയിൽ പഴയ ഇമാറാത്തി ആചാരങ്ങളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ അരങ്ങേറും. കർഷകർ യു.എ.ഇയിൽ ഉൽപാദിപ്പിക്കുന്ന മികച്ച ഈത്തപ്പഴങ്ങളാണ് മേളയില്‍ പ്രദർശിപ്പിക്കുന്നത്. ഈത്തപ്പഴത്തിനുപുറമെ തേൻ, സിട്രസ് പഴങ്ങൾ, നാരങ്ങ, മാമ്പഴം, ബദാം എന്നിവ മേളയില്‍ പ്രദര്‍ശനത്തിനെത്തും.
പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിൽ കർഷകരെ സഹായിക്കുന്നതിനുമായി പരമ്പരാഗത ഭക്ഷ്യ മത്സരങ്ങൾ നടക്കും. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകിച്ച് ഇമാറാത്തി പൈതൃകത്തിലെ ഈന്തപ്പനയുടെ പ്രാധാന്യത്തെ കുറിച്ചും മികച്ച പ്രാദേശിക തേൻ ഉൽപാദിപ്പിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും വിദ്യാഭ്യാസ പ്രഭാഷണങ്ങളും സെമിനാറുകളും അരങ്ങേറും.
പുതുതലമുറക്ക് ബോധവത്കരണം നടത്തുന്നതിനായി ഈന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വിവിധ രീതികളെക്കുറിച്ചും ഈ തൊഴിൽ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനും വിദ്യാഭ്യാസപരവും സംവേദനാത്മകവുമായ വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ഇമാറാത്തി നാടോടി പ്രകടനങ്ങളും പരമ്പരാഗത മാർക്കറ്റും ഉൾപ്പെടെ സ്വദേശി കുടുംബങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്റെ ആദ്യ ദിവസം പുരാതന വസ്തുക്കളുടെ ലേലവും ഈത്തപ്പഴവും തേനും വിൽക്കുന്നതിനുള്ള ദൈനംദിന ലേലവും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.