മെറ്റാവേഴ്സിലൂടെ അരികിലെത്തും അജ്മാന്‍ പൊലീസ്

പൊലീസും ജനങ്ങളും തമ്മിലെ ബന്ധം ഏറെ ഗുണകരമായ രീതിയിലേക്ക് പരിവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുകയാണ് അജ്മാന്‍ പൊലീസ്. നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തുക വഴി മനുഷ്യ അധ്വാനം കുറക്കുകയും ജനങ്ങള്‍ക്ക് പരമാവധി മികച്ച സേവനങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഏറ്റവും പുതിയ മെറ്റാവേഴ്സ് സാങ്കേതിക വിദ്യ നടപ്പിലാക്കുകയാണ്. ഭാവിയുടെ ടെക്നോളജിയാണ് മെറ്റാവേഴ്സ് എന്നാണു വിലയിരുത്തപ്പെടുന്നത്.

അജ്മാന്‍ പൊലീസുമായി ബന്ധപ്പെടേണ്ടി വരുന്ന ജനങ്ങള്‍ക്ക് മെറ്റാവേഴ്സ് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ എത്തിനില്‍ക്കുന്ന അതേ പ്രതീതിയോടെ പൊലീസുമായി സംവദിക്കാന്‍ കഴിയും. പൊലീസ് സ്റ്റേഷനിൽ വ്യക്തിപരമായ ഹാജരാകാതെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമൂഹത്തിന് അവസരമൊരുക്കുകയാണ് പൊലീസ്.

യു.എ.ഇയിലെ ഇത്തരത്തിലെ ആദ്യത്തെ പൊലീസ് സേവനമാണിത്. ലോകം സാങ്കേതിക വിദ്യയുടെ പിറകെ പായുമ്പോള്‍ അജ്മാനിലെ ജനങ്ങള്‍ക്കും ഉന്നതമായ സേവനം ഒരുക്കാനുള്ള പ്രയത്നത്തിന്‍റെ ഭാഗമാണിത്. ഇത് നടപ്പിലാക്കുന്നതോടെ ജനങ്ങളുടെ വിവിധ മേഖലകളിലെ അധ്വാനങ്ങളും സമയ നഷ്ടങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെറ്റാവേഴ്സ് സാങ്കേതിക വിദ്യ ഇപ്പോഴും ശൈശവദശയിലാണെങ്കിലും സാധ്യതകൾ അനന്തമാണ്. യഥാർഥ ലോകത്തിന്‍റെ ത്രിമാന പകർപ്പ് അവിടെ സാധ്യമാക്കാം. നമ്മുടെതന്നെ പ്രതീകങ്ങളായ അവതാറുകളാണ് മെറ്റാവേഴ്സിൽ പ്രവേശിച്ച് ഇതൊക്കെ ചെയ്യുകയും മെറ്റാവേഴ്സ് അനുഭവം സാധ്യമാക്കുകയും ചെയ്യുന്നത്! നമ്മുടെ ശബ്ദവും മുഖഭാവങ്ങളും തന്നെയാണ് അവതാറുകൾക്കും ഉണ്ടാവുക.

വീട്ടിലിരുന്ന്‌ മറ്റൊരു ഭൂഖണ്ഡത്തിൽ നടക്കുന്ന വിവാഹത്തിലോ ഗൃഹപ്രവേശത്തിലോ ഒക്കെ പങ്കെടുക്കാം, വിദേശത്തുള്ള സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്താം, ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാം, ഷോപ്പിങ് നടത്താം, ചർച്ച നടത്താം, ഗവേഷണവും ബിസിനസും നടത്താം, ജോലി ചെയ്യാം. ഇഷ്ടമുള്ള അന്തരീക്ഷത്തിൽ സെമിനാറുകളിലും ക്ലാസുകളിലും സുപ്രധാന മീറ്റിങ്ങുകളിലും പങ്കെടുക്കാം. വേണമെങ്കിൽ ലോകത്തിന്‍റെ പല ഭാഗത്തുള്ള കൂട്ടുകാർക്കൊപ്പം ലൈവായി ഫുട്ബോൾ മത്സരം കാണാം, സംഗീത പരിപാടികൾ ആസ്വദിക്കാം, പാട്ടു പാടാം, നൃത്തം ചെയ്യാം, സിനിമയോ ആർട്ട് എക്സിബിഷനുകളോ വീഡിയോ ഗെയിമുകളോ ഒക്കെ ആസ്വദിക്കാം.

ബഹിരാകാശത്തേക്കൊരു യാത്രയോ ദിനോസറുകളുടെ കാലത്തേക്കൊരു യാത്രയോവരെ ആകാം! നമ്മുടെ അവതാറുകൾ മെറ്റാവേഴ്സിന്റെ യഥാർഥ പ്രതീതിതന്നെ നമ്മിൽ ഉളവാക്കുമെന്നു ചുരുക്കം.ഒന്നിലധികം വ്യത്യസ്ത വെർച്വൽ സ്‌പെയ്‌സുകൾ സംയോജിപ്പിക്കുന്ന സ്ഥിരമായ, ഓൺലൈൻ, 3D പ്രപഞ്ചത്തിന്‍റെ ഒരു ആശയമാണ് മെറ്റാവേർസ്. ഇന്‍റർനെറ്റിന്‍റെ ഭാവി ആവർത്തനമായി നിങ്ങൾക്ക് ഇതിനെ കണക്കാക്കാം. ഈ ത്രീഡി സ്‌പെയ്‌സുകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും, കണ്ടുമുട്ടാനും, കളിക്കാനും, സോഷ്യലൈസ് ചെയ്യാനും മെറ്റാവേസ് ഉപയോക്താക്കളെ സഹായിക്കും.

Tags:    
News Summary - Ajman police reach out to Metawares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.