അജ്മാന്: ഈ വേനല്‍ കാലത്ത് പരമാവധി അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ അജ്മാന് പൊലീസ് നടത്തുന്ന ‘അപകട രഹിത വേനല്‍കാലം’ ക്യാമ്പയിന് തുടക്കമായി. ഗുണനിലവാരമില്ലാത്തവയും കാലാവധി കഴിയുകയും ചെയ്ത ടയറുകള്‍ ഉപയോഗിക്കുക വഴിയും കടുത്ത ചൂടില്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നത് കണക്കിലെടുത്ത് പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പൊലീസ് ക്യാമ്പയിന് നടത്തുന്നത്.
ക്യാമ്പയിെൻറ ഭാഗമായി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. യാത്രക്കായി വാഹനം ഉപയോഗിക്കുന്നതിനു മുമ്പ് ടയറുകളുടെ കാലപ്പഴക്കം, ടയറുകളിലെ മര്‍ദം, വാഹനത്തിന്റെ താപനില തുടങ്ങിയ പരിശോധിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് ഉണര്‍ത്തി. അതേസമയം കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ അജ്മാനില്‍ 960 വേഗപരിധി ലംഘനങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയത്.
ഡ്രൈവര്‍മാര്‍ അശ്രദ്ധയോടെ ഒരു പാതയിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അജ്മാന് ട്രാഫിക്ക് വിഭാഗം ഉപമേധാവി ലെഫ്റ്റനന്റ് കേണൽ സൈഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 109 പേര്‍ക്കും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്ത 407 പേര്‍ക്കും പിഴ ചുമത്തി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സൈഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.