അജ്മാന്: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ത്രൈമാസ സുരക്ഷാ കാമ്പയിനുമായി അജ്മാൻ പൊലീസ്. ‘നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷ നിങ്ങളുടെ സുരക്ഷയാണ്’ എന്ന തലക്കെട്ടിലാണ് മൂന്നു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് സംഘടിപ്പിക്കുന്നത്. ട്രാഫിക് അവബോധം വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് സുരക്ഷയുടെ ഉയർന്ന തലങ്ങൾ കൈവരിക്കുന്നതിനുംവേണ്ടി 2023ലെ ഫെഡറൽ ട്രാഫിക് കൗൺസിൽ അംഗീകരിച്ച പ്രധാന ചട്ടക്കൂടിനുള്ളിൽനിന്നാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
വാഹനസുരക്ഷക്കായി മുൻകരുതൽ എടുക്കുക, വാഹന അറ്റകുറ്റപ്പണികൾ ശ്രദ്ധിക്കുക, ടയർ സുരക്ഷ ഉറപ്പാക്കുക, വേനൽക്കാലത്ത് അമിതഭാരം കയറ്റാതിരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഡ്രൈവർമാരെയും റോഡ് ഉപയോക്താക്കളെയും ബോധവത്കരിക്കുകയാണ് കാമ്പയിന് ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
ട്രാഫിക് സംസ്കാരവും റോഡിലെ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്കും ബോധവത്കരണം എത്തിക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ വിശദീകരിച്ചു. റോഡിലെ നിർദിഷ്ട വേഗം പാലിക്കാനും ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുന്നവരോടും റോഡ് ഉപയോക്താക്കളോടും ലെഫ്റ്റനന്റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.