അജ്മാന്: പുരാതന ചരിത്രം വിളിച്ചോതുന്ന ചുമര് ചിത്രങ്ങളാൽ മനോഹരിയായിരിക്കുകയാണ് അജ്മാന്റെ തെരുവോരങ്ങള്‍. അജ്മാനിലെ പ്രധാന പ്രദേശങ്ങളിലാണ് മനോഹരമായ ചിത്രങ്ങളാല്‍ കെട്ടിടങ്ങളുടെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്. ഏഴ് അന്തർദേശീയ പ്രാദേശിക കലാകാരന്മാരാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. അജ്മാനിലെ അൽ നഖീൽ പ്രദേശത്ത് ഒരു കെട്ടിടത്തിന്റെ മുൻവശത്ത് വരച്ച ത്രിമാന ചിത്രമാണ് ഈ ഇനത്തില്‍ ആദ്യമായി പൂർത്തിയാക്കിയത്. ഇംഗ്ലീഷില്‍ അജ്മാന് എന്ന് എഴുതിയ ചിത്രം യു.എ.ഇ യിലെ തന്നെ ഏറ്റവും വലിയ ചുമര്ചിത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ചു കലാകാരനായ ശക്റ്റോ (Shkto) അസാധാരണമായ ഈ കലാരൂപം ആകർഷകങ്ങളായ നിറങ്ങളോടും രൂപത്തോടും കൂടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്.
എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരങ്ങളും ഗുണനിലവാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അജ്മാന് നഗരസഭ അടിസ്ഥാന വികസന മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ചുവർ ചിത്രങ്ങളുടെ പ്രോജക്ട് ടീം മേധാവിവിയുമായ ഡോ. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈര്‍ അൽ മുഹൈറി വിലയിരുത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറെ നേട്ടം കൈവരിച്ചതും അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അൽ നുഐമിക്ക് ഏറെ പ്രിയപ്പെട്ടതുമായ സ്കീപ്പ് എന്ന കുതിരയുടെ ചുമർ ചിത്രം തീര്‍ത്തത് റാമി എൽസാഗാവി എന്ന കലാകാരനാണ്. 1998 ലെ പ്രഥമ ദേശീയ പരിസ്ഥിതി ദിനത്തില്‍ രാഷ്ട്ര പിതാവ് ശൈഖ് സായിദ് നടത്തിയ പ്രശസ്തമായ ഉദ്ധരണി ചുമർ ചിത്രമാക്കിയത് ചിത്രകാരന് എല്‍ സീദ് ആണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ പ്രശസ്തമായ 'പോസിറ്റീവ് എനർജി' എന്ന കവിതയിലെ വരികളാണ് ദിയ അല്ലം എന്ന ചിത്രകാരന് ഒരുക്കിയത്.
യു.എ.ഇയിലെ താമസക്കാര്‍ക്കും സന്ദർശകര്‍ക്കും ബോധവത്കരണം നടത്തുകയും അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത് നടപ്പിലാക്കുന്നത്. യു.എ.ഇ യിലെ പരമ്പരാഗത കളികളെ ഇതിവൃത്തമാക്കി ഫാത്തിമ അൽ അലിയും, പ്രാദേശിക സ്വത്വം വ്യക്തമാക്കി മാജിദ് അഹമദ് അജ്മാനിലെ ശൈഖ് ഹുമൈദ് പാലത്തിലെ സ്തംഭങ്ങളിലും ജൂലിയ എന്ന ചിത്രകാരി തന്റെ തനതായ ശൈലിയിലും പണിപൂര്‍ത്തിയാക്കിയ വിത്യസ്തങ്ങളായ ചുമര് ചിത്രങ്ങള്‍ അജ്മാന്റെ തെരുവോരങ്ങള്‍ക്ക് മിഴിവേകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.