ദുബൈ: യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും സഹപര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഇറങ്ങി. നിശ്ചയിച്ചതിലും അൽപം വൈകി വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 11.25നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശപേടകം എത്തിയത്. 12.40ഓടെ സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ബഹിരാകാശ സയൻസ് ലബോറട്ടറിയിൽ ആറുമാസത്തെ ദൗത്യത്തിന് ഔപചാരികമായ തുടക്കമായി. അതിനിടെ, ബഹിരാകാശത്ത് നടക്കാനും അൽ നിയാദി പദ്ധതിയിടുന്നതായി അധികൃതർ സൂചന നൽകി. അങ്ങനെയെങ്കിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വംശജൻ എന്ന റെക്കോഡും സ്വന്തം പേരിലാക്കാൻ അദ്ദേഹത്തിനു കഴിയും.
ഭൂമിയിൽനിന്ന് 400 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന നിലയത്തിലെ കമാൻഡറായ റഷ്യൻ ബഹിരാകാശയാത്രികൻ സെർജി പ്രൊകോപിയേവ് സ്പേസ് എക്സ് ക്രൂ സംഘത്തെ സ്വാഗതംചെയ്ത് സ്വീകരിച്ചു. തുടർന്ന് അറബിയിലും ഇംഗ്ലീഷിലുമായി സംസാരിച്ച അൽ നിയാദി തന്റെ ദൗത്യത്തിൽ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ചു. യു.എ.ഇ ഭരണാധികാരികൾ, മാതാവ്, പിതാവ്, മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം എന്നിവർക്ക് പ്രത്യേകമായി കൃതജ്ഞത അറിയിച്ച അദ്ദേഹം ഇതിലധികം സന്തോഷവാനായി മാറാൻ തനിക്കൊരിക്കലും കഴിയില്ലെന്ന് പറഞ്ഞു.
‘നാസ’യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവിങ്, പൈലറ്റ് വൂഡി ഹോബർഗ്, റഷ്യൻ ബഹിരാകാശയാത്രികൻ ആൻഡ്രേ ഫിദ്യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്. ഇവരിൽ സ്റ്റീഫൻ ബോവിങ് 11 വർഷം മുമ്പ് ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. നാസയും യു.എ.ഇ സർവകലാശാലകളും നിശ്ചയിച്ച 20 ഗവേഷണങ്ങൾ അൽ നിയാദി നിർവഹിക്കും. ഇതിനു പുറമെ ബഹിരാകാശത്തെ നടത്തം കൂടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിൽ അൽ നിയാദിയും സംഘവും പറന്നുയർന്നത്. ദീർഘകാല ബഹിരാകാശദൗത്യം ആരംഭിച്ച ആദ്യ അറബ് വംശജൻ എന്ന റെക്കോഡാണ് ഇതിലൂടെ 42കാരനായ അദ്ദേഹത്തിന് സ്വന്തമായത്. നേരത്തേ ഫെബ്രുവരി 27 തിങ്കളാഴ്ച നിശ്ചയിച്ച വിക്ഷേപണം സാങ്കേതിക തകരാൻ കാരണം അവസാന നിമിഷം മാറ്റുകയും വ്യാഴാഴ്ചത്തേക്ക് പുതുക്കി നിശ്ചയിക്കുകയുമായിരുന്നു. ബഹിരാകാശ നിലയത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ യു.എ.ഇ പൗരനും നാലാമത്തെ അറബ് പൗരനുമാണ് അൽ നിയാദി. 2019ൽ ഹസ്സ അൽ മൻസൂരി എട്ടു ദിവസത്തെ ദൗത്യം പൂർത്തിയാക്കിയതാണ് യു.എ.ഇയുടെ ആദ്യ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.