ദുബൈ: ബഹിരാകാശത്ത് ഗവേഷണങ്ങളും പരീക്ഷണങ്ങളും മാത്രമല്ല, കളിയും വിനോദങ്ങളുംകൂടി ഉണ്ടെന്നറിയിച്ച് സുൽത്താൻ അൽ നിയാദിയുടെ ട്വീറ്റ്. സഹപ്രവർത്തകരോടൊപ്പം ‘ബഹിരാകാശ കളികളി’ൽ ഏർപ്പെടുന്ന വിഡിയോ ചിത്രമാണ് പങ്കുവെച്ചത്.
എല്ലാ വാരാന്ത്യങ്ങളിലും കളികൾക്കായി സമയം ചെലവഴിക്കാറുണ്ടെന്നും എല്ലാവരും ഒരുമിച്ച് ഉത്സാഹത്തോടെ ഇടപെടുന്ന ഒരു സമയമാണിതെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. തിരക്കിട്ട ജോലികൾക്കിടയിൽ വിനോദത്തിന് ലഭിക്കുന്ന അവസരങ്ങളാണിതെന്നും മാനസികമായി ഉല്ലാസത്തിന് യോജിച്ച കളികളിലാണ് ഏർപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
രണ്ട് മിനിറ്റ് നീളുന്ന വിഡിയോയിൽ രണ്ടു ഭാഗങ്ങളിലായിനിന്ന് ചെറിയ പന്തുകൊണ്ട് കളിക്കുന്നതാണുള്ളത്. ചെറിയ വൃത്തത്തിനുള്ളിൽ പന്ത് എത്തിക്കുന്നവർക്ക് പോയൻറ് ലഭിക്കുന്ന രീതിയിലാണ് കളി നടക്കുന്നത്.
ആറുമാസത്തെ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നിയാദിക്കൊപ്പം നാസയിലെ ഫ്രാങ്ക് റൂബിയോ, ദിമിത്രി പെറ്റേലിൻ, സർജി പ്രകോപിയോവ്, സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, ആൻഡ്രി ഫെഡ്രിയേവ് എന്നിവരാണുള്ളത്. ദൗത്യം പൂർത്തിയാക്കി അൽ നിയാദി ആഗസ്റ്റ് അവസാനത്തിൽ ഭൂമിയിൽ തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.